
കോഴിക്കോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് രംഗത്ത്. ഉന്നത ലീഗ് നേതാവായ എം കെ മുനീറിന് സ്വർണ്ണകടത്തുമായി ബന്ധമുണ്ടെന്നും ഇതിന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും വസീഫ് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുനീറിന്റെ വിദേശ യാത്ര പരിശോധിക്കണമെന്നും സ്വർണ കടത്തുമായി ബന്ധപ്പെട്ട വലിയ ബന്ധം തെളിയുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
മുനീർ എം എൽ എ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് കേസ് പ്രതിയുണ്ടെന്നും. തെളിവുകൾ വരുമ്പോൾ ലീഗ് മതത്തെ പടച്ചട്ട ആക്കുകയാണെന്നും വസീഫ് അഭിപ്രായപ്പെട്ടു. ചെറുപ്പക്കാരെ ഗൾഫിലേക്ക് സ്വർണ്ണകടത്തിനായി കൊണ്ടു പോകുകയാണെന്നും കൊടുവള്ളിയെ സ്വർണ്ണക്കടത്ത് ഭീകര കേന്ദ്രമാക്കുന്നുവെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
ഇന്നലെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും സമാന ആരോപണം ഉയർത്തിയിരുന്നു. സനോജിന്‍റെ ആരോപണത്തിന് ഹഹഹ മറുപടി മതിയോ എന്നായിരുന്നു ഇന്നലെ എം കെ മുനീർ പരിഹസിച്ചത്. തനിക്ക് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതിയാണ് അമാന എംബ്രേസ് എന്നും അതിന് തുരങ്കം വെക്കാൻ ആരെയും അനുവദിക്കില്ലെന്നും മുനീർ പറഞ്ഞിരുന്നു. മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് കേസ് പ്രതിയായ അബുലെയ്സ് ഉണ്ടെന്നാണ് ആരോപണം. അബു ലെയ്സിനെ അറിയാമെന്നും പദ്ധതിയിലെ ഗവേർണിംഗ് ബോർഡ് അംഗംകൂടിയായ അബു ലെയ്സിനെതിരെ നിലവിൽ കേസുകളില്ലെന്നുമാണ് മുനീർ വിശദീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam