
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്‍റെ പേരിൽ നിരപരാധികളുടെ വീടുകളിൽ രാത്രി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഡി വൈ എഫ് ഐ. പൊലീസ് അതിരുകടക്കുകയാണെന്നും നിരപരാധികളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണെന്നും ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി നിരപരാധികളുടെ വീടുകളിൽ രാത്രിയുടെ മറവിൽ പോലിസ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയാണെന്നും ഇനിയും നിയമവിരുദ്ധമായി ഈ നിലയിൽ അക്രമം സൃഷ്‌ടിക്കാൻ പോലിസ് തുനിഞ്ഞാൽ അതിശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഡി വൈ എഫ് ഐ അഭിപ്രായപ്പെട്ടു.
ഇ ഡിയുടെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധിച്ച യുവജനങ്ങൾ ഉൾപ്പടെയുള്ളവരെ കള്ളക്കേസിൽ ചുമത്തി വേട്ടയാടാനുള്ള നീക്കത്തെ ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നു. നിയമവിരുദ്ധമായ നടപടികളാണ് പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഡി വൈ എഫ് ഐ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയാണ്. പോലീസ് അതിരു കടക്കുകയാണ്, ഇത് അംഗീകരിക്കാനാവില്ല. ഇത്തരം നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണം. ഡി വൈ എഫ് ഐയുടെ ജില്ല നേതാക്കൾ, മുൻ ഡി വൈ എഫ് ഐ നേതാക്കൾ ഉൾപ്പടെ 25 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി നിരപരാധികളുടെ വീടുകളിൽ രാത്രിയുടെ മറവിൽ പോലിസ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നു. ഡി വൈ എഫ് ഐ നേതാക്കളുടെ വീടുകൾ തെരഞ്ഞുപിടിച്ച് കയറിയിറങ്ങുന്നു. വീടുകളിലുള്ള ക്യാൻസർ രോഗികൾ, മറ്റ് രോഗ ബാധിതർ, വൃദ്ധർ, കുട്ടികൾ, സ്ത്രീകൾ എന്നിവരെയടക്കം ഭീഷണിപ്പെടുത്തുന്നു. കേന്ദ്ര സർക്കാരിൻ്റെ വേട്ടനായ്ക്കളെ പോലെ ഇ ഡി, ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുമ്പോൾ - വി ഡി സതീശൻ, ഇ ഡിയുടെ സ്പോക് പേഴ്‌സണായി ഇത്തരം ഹീനകൃത്യങ്ങളെ ന്യായീകരിക്കുന്നു. ഇ ഡിയ്ക്ക് പാദസേവ ചെയ്ത് മോദിയുടെ പ്രീതി പിടിച്ചുപറ്റാനാണ് നീക്കം. ഡി വൈ എഫ് ഐ പ്രവർത്തകർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകരുടെ വീടുകളിൽ ഇനിയും നിയമവിരുദ്ധമായി കടന്നെത്താനും അക്രമം സൃഷ്‌ടിക്കാനും പോലിസ് തുനിഞ്ഞാൽ അതിശക്തമായ പ്രതിഷേധം ഉയർത്തും. യുവജനങ്ങളെ അണിനിരത്തി രാഷ്ട്രീയവും നിയമപരവുമായ ചെറുത്തു നിൽപ്പ് നടത്തും. കേന്ദ്ര അന്വേഷണ എജൻസികൾ ബി ജെ പിയുടെ രാഷ്ട്രീയ ആയുധമായി മാറുമ്പോൾ പ്രതിരോധം തുടരുക തന്നെ ചെയ്യും. കള്ളക്കേസും ജയിലറയും കൊണ്ടൊന്നും ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാനുമാവില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam