
കണ്ണൂര്‍: ക്രിമിനൽ സംഘത്തെ കോണ്‍ഗ്രസ് പോറ്റി വളര്‍ത്തുകയാണെന്നും രാഹുലിനെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് നേതാക്കൾക്ക് രാഹുലിന് സംരക്ഷണം ഒരുക്കേണ്ടി വരുന്നത്. ഏതൊരു നേതാവ് എതിര് പറഞ്ഞാലും സൈബർ ആക്രമണം നടത്താൻ ആണ് ഷാഫിയുടെ നിർദേശം. ഇതിനായി വടകര കേന്ദ്രീകരിച്ച് വാർ റൂമുണ്ട്. കുറച്ചു നടിമാരെ റീൽസിൽ അഭിനയിക്കാൻ കിട്ടുമായിരിക്കും. ജനങ്ങൾക്കിടയിൽ ഇമേജ് ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഷാഫിയുടെയും രാഹുലിന്‍റെ അടിമകൾ ആണ്. പ്രതിപക്ഷ നേതാവിനു പോലും രക്ഷയില്ല. സൈക്കോപാത്ത് ക്രിമിനലിനെ സംരക്ഷിക്കുന്ന എല്ലാവര്‍ക്കുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിക്കും.
കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല. സിപിഎം കെട്ടിച്ചമച്ച കഥയാണെന്നാണ് യുഡിഎഫ് കൺവീനർ പറയുന്നത്. പെൺകുട്ടിക്ക് സിപിഎമ്മമായി എന്ത് ബന്ധം? ഈ പെൺകുട്ടിയെ മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡിപ്പിച്ചത്. സസ്പെന്‍ഡ് ചെയ്തിട്ടും നിയമസഭയിൽ അകമ്പടി പോയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അല്ലേ? എന്നിട്ട് എന്ത് നടപടി എടുത്തു? ഷാഫി പറമ്പിലും രാഹുലും അടങ്ങുന്ന ക്രിമിനൽ സംഘം ആണ് കോൺഗ്രസ് നിയന്ത്രിക്കുന്നത്. രാഹുലിനെതീരെ നിലപാട് എടുത്തവർക്ക് സൈബർ ആക്രമണം തുടങ്ങിയെന്നും വികെ സനോജ് ആരോപിച്ചു.
അതേസമയം, ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ ജാമ്യ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പരാതി നൽകിയ യുവതിയുമായി ദീര്‍ഘകാലമായ സൗഹൃദമുണ്ടെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് ഹര്‍ജിയിൽ പറയുന്നത്. ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് രാഹുലിന്‍റെ വാദം. അതേസമയം, രാഹുലിന്‍റെ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വധശ്രമക്കേസില്‍ ജയിലായ നേതാവിനെ സ്ഥാനാര്‍ഥിയാക്കിയതിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. രാഷ്ട്രീയപ്രവര്‍ത്തകരാകുമ്പോള്‍ പല കേസുകളും ഉണ്ടാകുമെന്നും ജയിലില്‍ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട നേതാക്കള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും വികെ സനോജ് പറഞ്ഞു. ഇക്കാര്യത്തില്‍ ധാര്‍മികത നോക്കേണ്ട കാര്യം ഇല്ല. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ നാല്‍പ്പത്തിയാറാം വാര്‍ഡില്‍ മത്സരിക്കുന്ന വികെ. നിഷാദിനെ പൊലീസിനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് 20 വര്‍ഷത്തെ ജയില്‍വാസത്തിന് കോടതി ശിക്ഷിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam