രാഷ്ട്രീയ കൊലപാതകമെന്ന് പറയാനാകില്ലെന്ന് പൊലീസ്, ഔഫിന്‍റെ മൃതദേഹം സംസ്കരിച്ചു

By Web TeamFirst Published Dec 24, 2020, 8:04 PM IST
Highlights

പ്രദേശത്തെ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ വിറളി പൂണ്ട ലീഗ് പ്രവർത്തകർ ഔഫ് അബ്ദുൾ റഹ്മാനെ വെട്ടിക്കൊന്നതാണെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. എന്നാൽ സംഘർഷം ഉണ്ടായിട്ടുണ്ടെന്നും, രാഷ്ട്രീയകൊലപാതകം സ്ഥിരീകരിക്കാനാകില്ലെന്നും എസ്‍പി.

കാസർകോട്: കാഞ്ഞങ്ങാട്ട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്‍റെ മൃതദേഹം സ്വദേശമായ കാഞ്ഞങ്ങാട്ടെത്തിച്ച് സംസ്കരിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് ഔഫിന്‍റെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാൻ നാടായ പഴയകടപ്പുറത്തെത്തിയത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‍മോർട്ടത്തിന് ശേഷമാണ് ഔഫിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചത്. 

ഔഫിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് പഴയ കടപ്പുറം മുഹിയിദ്ദീൻ ജുമാ മസ്ജിദിലാണ് കബറടക്കിയത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും വിലാപയാത്രയായി വിവിധ സ്ഥലങ്ങളിൽ പൊതുദർശനത്തിന് ശേഷമാണ്  മൃതദേഹം  വീട്ടിലെത്തിച്ചത്. 

ബുധനാഴ്ച രാത്രി പത്തരക്കാണ് കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫിന് നെഞ്ചിൽ കുത്തേറ്റത്.  കേസിലെ മുഖ്യപ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിന്‍റെ വീടിന് 200 മീറ്റർ അകലെയാണ് കൊലപാതകം. 

രണ്ട് ബൈക്കുകളിൽ വന്നിരുന്ന ഔഫിനേയും സുഹൃത്തുക്കളേയും  ഇർഷാദടക്കമുള്ള മുസ്ലീം ലീഗ് പ്രവർത്തകരുടെ സംഘം ആക്രമിച്ചെന്നാണ് ഔഫിനൊപ്പമുണ്ടായിരുന്ന മുഖ്യ സാക്ഷി ഷുഹൈബിന്‍റെ മൊഴി. ഷുഹൈബിന്‍റെ മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇർഷാദടക്കം ഷുഹൈബ് തിരിച്ചറിഞ്ഞ മൂന്ന് പേരെ പ്രതിച്ചേർത്താണ്  കേസ്. ഇതിൽ മുണ്ടത്തോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അതേ സമയം സംഘർഷത്തിൽ തലക്ക് പരിക്കേറ്റ് മുഖ്യ പ്രതി ഇർഷാദ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാഞ്ഞങ്ങാട് നഗരസഭ മുപ്പത്തിയഞ്ചാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തതിനെ തുടർന്ന്  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഔഫിനെ ലീഗ് പ്രവർത്തകർ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. എപി സുന്നി യുവജന വിഭാഗത്തിന്‍റെ സജീവ പ്രവർത്തകൻ കൂടിയാണ് ഔഫ്. എന്നാൽ രാഷട്രീയ കൊലപാതകമാണോ ഇതെന്ന് ഈ ഘട്ടത്തിൽ പൊലീസ് സ്ഥിരീകരിക്കുന്നില്ല.

ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ടെന്നും, എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിച്ച് വരികയാണെന്നും, സ്ഥലത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും കാസർകോട് എസ്‍പി ഡി ശിൽപ്പ വ്യക്തമാക്കുന്നു.

ഔഫും സംഘവും ഇർഷാദിനെ ആക്രമിച്ചെന്നും തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ ഔഫ് കൊലപ്പെട്ടതെന്നുമാണ് മുസ്ലീംലീഗ് പ്രാദേശിക നേതാക്കൾ ആദ്യം പറഞ്ഞിരുന്നത്. മുഖ്യ സാക്ഷി ഷുഹൈബുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുത്തു. 

click me!