ആംബുലൻസ് എന്ന വ്യാജേന സൈറണ്‍ മുഴക്കി അതിവേഗ യാത്ര; ഇ ബുൾജെറ്റ് വ്ളോഗർമാരുടെ വീഡിയോ ബിഹാർ പൊലീസിന് കൈമാറും

By Web TeamFirst Published Aug 10, 2021, 2:45 PM IST
Highlights

വാൻ ലൈഫ് യാത്രയുടെ ഭാഗമായി ബിഹാറിലാണ് ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്.  എബിനും ലിബിനും തന്നെയാണ് ഈ സംഭവത്തിന്‍റെ വീഡിയോ യൂട്യൂബിലൂടെ പങ്കുവച്ചത്.

കണ്ണൂര്‍: ഇ ബുൾജെറ്റ് വ്ളോഗർമാർ ഉത്തരേന്ത്യയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിലും നടപടി. ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി പരിഭ്രാന്തി പരത്തി  അതിവേഗത്തിൽ യാത്ര ചെയ്യുന്ന വീഡിയോ ഇവർതന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ദൃശ്യങ്ങൾ ബിഹാർ പൊലീസിന് കൈമാറുമെന്ന് കണ്ണൂർ കമ്മീഷണർ അറിയിച്ചു.

വാൻ ലൈഫ് യാത്രയുടെ ഭാഗമായി ബിഹാറിലാണ് ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്.  എബിനും ലിബിനും തന്നെയാണ് ഈ സംഭവത്തിന്‍റെ വീഡിയോ യൂട്യൂബിലൂടെ പങ്കുവച്ചത്. ആൾക്കൂട്ടമുള്ള കവലകൾ അതിവേഗതയിൽ കടന്ന് പരിഭ്രാന്തി പരത്തിയാണ് വാഹനമോടിക്കുന്നത്. മുഴുവൻ സമയവും സൈറണും എയർഹോണും മുഴക്കുന്നു. പൊലീസ് വാഹനങ്ങളെയടക്കം പിന്നിലാക്കി ആംബുലൻസ് എന്ന വ്യാജേന അപകടകരമായ യാത്രയ്ക്ക്  തത്സമയ കമന്ററിയുമുണ്ട്.

Also Read: ബുൾ ജെറ്റിന് കനത്ത തിരിച്ചടി; നെപ്പോളിയൻ ഇനി നിരത്തിലിറങ്ങില്ല, കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ഗുരുതരമായ കുറ്റകൃത്യമാണെന്നും നിയമ നടപടിക്കായി വീഡിയോ ബിഹാർ പൊലീസിന് കൈമാറുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. വീഡിയോ വിവാദമായതിന് പിന്നാലെ യൂട്യൂബിൽ നിന്നും ഇവരത് നീക്കം ചെയ്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!