'പ്രതി ആയതുകൊണ്ട് കുറ്റവാളിയാകണമെന്നില്ല'; രതീഷിന്‍റെ നിയമനത്തെ ന്യായീകരിച്ച് ജയരാജൻ

By Web TeamFirst Published Feb 6, 2020, 12:52 PM IST
Highlights

കേസുണ്ടെന്ന് കരുതി ഒരാളെയും മാറ്റി നിര്‍ത്താനാകില്ലെന്നും രതീഷിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്‍തിയുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായ കെ എ രതീഷിന്‍റെ നിയമനത്തെ ന്യായീകരിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. പ്രതി ആയതുകൊണ്ട് കുറ്റവാളി ആകണമെന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. രതീഷിന് നിയമനം നല്‍കണമെന്ന് കോടതി ഉത്തരവുണ്ട്. കേസുണ്ടെന്ന് കരുതി ഒരാളെയും മാറ്റി നിര്‍ത്താനാകില്ലെന്നും രതീഷിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്‍തിയുണ്ടെന്നും മന്ത്രി പറഞ്ഞു. അഴിമതിക്കേസിൽ പ്രതിയായ കെ എ രതീഷിന് ഖാദി ബോർഡ് സെക്രട്ടറിയായാണ് നിയമനം നൽകിയിരിക്കുന്നത്. സിബിഐ അന്വേഷണം നേരിടുന്ന വിവരം മറച്ചുവച്ചാണ് നിയമനം. തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് നടത്തിയതിനാണ് കശുവണ്ടിവികസന കോർപ്പറേഷൻ എംഡിയായിരുന്ന കെ എ രതീഷിനെ ഒന്നാം പ്രതിയാക്കി സിബിഐ കേസെടുത്തത്. ഇതേ തുടർന്ന് രതീഷിനെ കോർപ്പറേഷനിൽ നിന്നും നീക്കം ചെയ്തു. 

സിബിഐ കൊച്ചി യൂണിറ്റിന്‍റെ അന്വേഷണം തുടരുന്നതിനിടെയാണ് വ്യവസായ വകുപ്പിൽ രതീഷിന് വീണ്ടും പിണറായി സർക്കാർ നിയമനം നൽകിയത്. വ്യവസായ വകുപ്പിലെ പരിശീലിന സ്ഥാപനമായ കീഡിന്‍റെ സിഇഒയായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് വൻ കിട പദ്ധതികൾക്ക് പശ്ചാത്തല സൗകര്യമരുക്കുന്ന ഇൻകലിന്‍റെ എംഡിയാക്കി.  രതീഷിനെതിരായ സിബിഐ കേസ് അറിയില്ലെന്നായിരുന്നു സർക്കാർ വിശീദീകരണം. ഇതിനിടെ കണ്‍സ്യൂമർ ഫെഡ് എംഡിയാക്കാനുള്ള നീക്കം വിവാദമായതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിന്‍റെ തലപ്പത്ത് രതീഷിനെ നിയമിച്ചതില്‍ സിപിഎമ്മിലും ഉദ്യോഗസ്ഥതലത്തിലും എതിർപ്പ് ശക്തമായി. മന്ത്രി ജെ മേഴ്‍സികുട്ടിയമ്മയും കിഫ്ബി സിഇഒ കെ എം എബ്രഹാമുമാണ് ശക്തമായ എതിപ്പുന്നയിച്ചത്.  

വൻകിട പദ്ധതികള്‍ക്ക് കിഫ് കോടികള്‍ മടക്കുമ്പോള്‍ അഴിമതി കേസിലെ പ്രതിയായ ഒരാള്‍ ഇൻകിലെ തലപ്പത്ത് ഇരിക്കുന്നതിനെയണ് എബ്രാഹം ചോദ്യം ചെയ്തത്. കെ എം എബ്രാഹാം ധനകാര്യ സെക്രട്ടറിയായിപ്പോഴാണ് ധനകാര്യ പരിശോധനാ വിഭാഗം കശുവണ്ടി കോർപ്പറേഷനിലെ അഴിമതി പുറത്ത് കൊണ്ടുവരുന്നത്. എതിർപ്പ് ശക്തമായതോടെ രതീഷിനെ ഇൻകിലില്‍ നിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതമായി. പക്ഷെ വ്യവസായവകുപ്പിന് കീഴിലുള്ള ഖാദി ബോർഡ് സെക്രട്ടറിയായി വീണ്ടും നിയമനം നൽകി രതീഷിനെ സംരക്ഷിച്ചിരിക്കുകയാണ്. രതീഷിനെതിരായ അഴിമതി കേസിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു. കശുണ്ടി ഇറക്കുമതിയിൽ വിജിലന്‍സെടുത്തിരുന്ന കേസുകളും ഈ സർക്കാർ വന്നതിന് ശേഷം എഴുതി തള്ളിയിരുന്നു.
 

click me!