'ശരിയാകൂന്ന് പറയും, ശരിയാകാറില്ല' വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ; വിവിധ ജില്ലകളിൽ റേഷൻ വിതരണം അവതാളത്തിൽ

Published : Jun 30, 2023, 10:39 AM ISTUpdated : Jun 30, 2023, 10:57 AM IST
'ശരിയാകൂന്ന് പറയും, ശരിയാകാറില്ല' വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ; വിവിധ ജില്ലകളിൽ റേഷൻ വിതരണം അവതാളത്തിൽ

Synopsis

ഇ- പോസ് മെഷീന്‍ തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.  

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം. ഇ- പോസ് മെഷീന്‍ തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. 2017 ലാണ് ഇ പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നിരവധി ആളുകളാണ് മടങ്ങിപ്പോകുന്നത്. ചിലര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നുണ്ട്. 

''ഇടക്കിടെ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. മൂന്ന് ദിവസമായി ഇ പോസ് മെഷിന്‍ പ്രശ്നമുണ്ട്. ഇടക്ക് ശരിയാകും, പിന്നെ പോകും.ആളുകള്‍ എത്തി ചീത്ത വിളിച്ചിട്ട് മടങ്ങിപ്പോകുകയാണ്. സെര്‍വര്‍ തകരാറാണ് എന്നാണ് പറയുന്നത്. ശരിയാകും ശരിയാകും എന്ന് പറയുന്നതല്ലാതെ ഒന്നും ശരിയാകാറില്ല. കഴിഞ്ഞ മീറ്റിംഗിലും പറഞ്ഞത് ശരിയാകും എന്നാണ്. എന്നാല്‍ മൂന്ന് ദിവസമായി ഇതാണ് അവസ്ഥ.'' പാലക്കാട്ടെ റേഷന്‍ വ്യാപാരി പറഞ്ഞു. 

ഈ മാസം ആദ്യം സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ദിവസത്തേക്ക് റേഷൻ വിതരണം നിർത്തി വെച്ചിരുന്നു. സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാൽ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷൻ വിതരണം മുടങ്ങുകയായിരുന്നു. 

അതേ സമയം, ഇടുക്കിയിലെ റേഷന്‍ കടകളില്‍ ചാക്കരിയും മട്ടയരിയുമെത്താത്തതിനെ തുടര്‍ന്ന് വ്യാപാരികളും ഉപഭോക്താക്കളും പ്രതിസന്ധിയിലാണെന്ന വാർത്തയും ഈ മാസം പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പച്ചരി മാത്രമാണ് റേഷന്‍ കടകളിലെത്തുന്നത്. കൂലിപ്പണിക്കാരെയും കുറഞ്ഞ വരുമാനമുള്ളവരെയുമാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 

പ്രധാനമന്ത്രി അന്ന യോജന സ്‌കീം അവസാനിച്ചപ്പോള്‍ സ്റ്റോക്ക് വന്ന പച്ചരി റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുകയാണ്. ഇതിനു പുറമെയാണ് വീണ്ടും പച്ചരി മാത്രം റേഷന്‍കടയിലേക്കെത്തിക്കുന്നത്. കഞ്ഞി വയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചാക്കരിയും മട്ടയരിയും കിട്ടാനില്ല. പാവപ്പെട്ടവര്‍ക്കുള്ള എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് 18 കിലോ പച്ചരിയാണ് വിതരണത്തിനായി നല്‍കിയിരിക്കുന്നത്. പാവപ്പെട്ടവരെയും ഇടത്തരക്കാരയുമാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. 

ആട്ടയും പഞ്ചസാരയും ആവശ്യത്തിലധികം കടകളിലേക്ക് എത്തിക്കുന്നതായും വ്യാപാരികള്‍ പരാതിപ്പെട്ടിരുന്നു. മഴക്കാലമായതിനാല്‍ ഇത് കേടാകാന്‍ സാധ്യതയുണ്ട്. ഇ- പോസ് മെഷീന്‍ തകരാറാകുന്നതും സ്ഥിരം സംഭവമാണ്. സര്‍ക്കാരിന്റെ പുതിയ നിയമം അനുസരിച്ച് എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ള വാഹനങ്ങളില്‍ മാത്രമേ മണ്ണെണ്ണ എത്തിക്കാന്‍ കഴിയൂ. ഇത് കടയുടമകള്‍ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. അതിനാല്‍ വാതില്‍പ്പടി വിതരണം നടത്തുന്നതു വരെ മണ്ണെണ്ണ എത്തിക്കേണ്ടെന്നാണ് കടയുടമകളുടെ ആലോചന. എല്ലാ മാസവും പണമടച്ച് സ്റ്റോക്കെടുക്കുന്ന വ്യാപാരികള്‍ക്ക് രണ്ടു മാസമായി കമ്മീഷന്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ സമരം തുടങ്ങാനാണ് കേരള സ്റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ