
ദുബൈ: വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വർണത്തിനുള്ള കസ്റ്റംസ് ഡ്യൂട്ടിക്ക് തൂക്കം മാത്രമാണിനി പരിഗണിക്കുക എന്ന കേന്ദ്ര ബജറ്റ് നിർദേശം ആശ്വാസം പകരുന്നത് അനേകം പ്രവാസികൾക്കാണ്. സ്വർണത്തിന്‍റെ വില കൂടി കണക്കാക്കിയിരുന്ന മുൻ രീതി കാരണം നിരവധി പ്രവാസികളാണ് പിഴയടക്കേണ്ടി വന്നിരുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറയ്ക്ക് ഇത് വ്യക്തിപരമായ സന്തോഷം കൂടിയാണ്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ നാല് മാസം മുൻപ് വിമാനത്താവളത്തിൽ അപമാനിതനായത് മകൾക്കായി കൈയിൽ കരുതിയ മൂന്ന് പവൻ വളയുടെ പേരിലായിരുന്നു. ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയടച്ചാണ് പ്രദീപിന് സ്വർണം കൊണ്ടുപോകാനായത്. ഇപ്പോൾ തൂക്കത്തിനൊപ്പം വില കൂടി കണക്കാക്കുന്നത് ഒഴിവാക്കിയതായുള്ള ബജറ്റ് റിപ്പോർട്ടുകൾ ആശ്വാസം നൽകുന്നത് നിരവധി പേർക്കാണ്. കൊണ്ടുപോകാവുന്ന സ്വർണം അന്നും ഇന്നും സ്ത്രീകൾക്ക് 40 ഗ്രാം, പുരുഷന്മാർക്ക് 20 ഗ്രാം തന്നെയാണ്. എന്നാൽ സ്ത്രീകൾക്ക് ഒരു ലക്ഷം വരെയും പുരുഷന്മാർക്ക് 50,000 വരെയും എന്ന വിലപരിധി ഉണ്ടായിരുന്നതാണ് കുരുക്ക്. ഇതൊഴിവാക്കുന്നതാണ് ആശ്വാസം.
ഇതോടൊപ്പം അന്താരാഷ്ട്ര യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് പുതിയ ബാഗേജ് നിയമം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വ്യക്തിഗത ആവശ്യങ്ങൾക്കുള്ള വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഉദാരവത്കരിച്ചിട്ടുണ്ട്. ഇത്തരം എല്ലാ വസ്തുക്കൾക്കും ഡ്യൂട്ടി 20ൽ നിന്ന് 10 ആക്കി. ഡ്യൂട്ടി പിന്നീട് അടയ്ക്കാവുന്ന സംവിധാനം പ്രതിമാസമാക്കി. കൂടുതൽ ഇറക്കുമതി വിഭാഗങ്ങളെ ഇതിലേക്ക് ചേർത്തു. കൊറിയർ വഴി അയക്കുന്ന സാധനങ്ങൾക്കുള്ള വില പരിധി ഒഴിവാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam