ചവറ - കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന ആവശ്യം: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം അടുത്ത ആഴ്ച

By Web TeamFirst Published Sep 12, 2020, 2:08 PM IST
Highlights

കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കുന്ന കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. സർവ്വകക്ഷി യോഗം പാസാക്കിയ പ്രമേയം ഇന്നലെ രാത്രിവരെ കമ്മീഷനിൽ എത്തിയിട്ടില്ലെന്ന് ഉന്നതവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആലപ്പുഴ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന ആവശ്യം അടുത്തയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച ചെയ്യും. മറ്റു സംസ്ഥാനങ്ങൾ ഇതുവരെ സമാന ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കുന്ന കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. സർവ്വകക്ഷി യോഗം പാസാക്കിയ പ്രമേയം ഇന്നലെ രാത്രിവരെ കമ്മീഷനിൽ എത്തിയിട്ടില്ലെന്ന് ഉന്നതവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിനൊപ്പം തമിഴ്നാട്, ആസം, പശ്ചിമബംഗാൾ എന്നീ അടുത്ത മേയിൽ നിയമസഭാ പോരാട്ടം നടക്കേണ്ട സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ ഒരിടത്ത് മാറ്റിയാൽ എല്ലായിടത്തും ആവശ്യം ഉയരും. 

കേരളമല്ലാതെ മറ്റു സംസ്ഥാനങ്ങൾ കമ്മീഷനിൽ ഇതുവരെ എത്തിയിട്ടില്ല. എന്നാൽ ഓരോ സംസ്ഥാനത്തിൻ്റേയും ആവശ്യം വെവ്വേറെ ചർച്ച ചെയ്യാൻ തടസ്സമില്ലെന്ന് ഉന്നതവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയപാർട്ടികളുടെ നിർദ്ദേശം തനിക്കും കിട്ടിയിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു

നവംബർ ആദ്യ വാരം രണ്ടു ഘട്ടങ്ങളാണ് ബീഹാർ വോട്ടെടുപ്പാണ് ആലോചിക്കുന്നത്. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. അതിനു മുമ്പ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുന്ന കാര്യത്തിൽ ധാരണയിലെത്തണം. തല്ക്കാലം അഭ്യൂഹത്തിന് ഇല്ലെന്നും കേരളം അയച്ച നിർദ്ദേശം പഠിച്ച് തീരുമാനിക്കുമെന്നും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ബീഹാറിൽ പ്രതിപക്ഷം തെരഞ്ഞെടുപ്പ് നീട്ടണം എന്ന് ആവശ്യപ്പെടുമ്പോഴും ബിജെപി ഒരുക്കവുമായി മുന്നോട്ടു പോകുകയാണ്. 

click me!