പരിസ്ഥിത ലോല ഉത്തരവ്; ഇടുക്കി, വയനാട് ജില്ലകളിലെ യുഡിഎഫ് ഹർത്താൽ പൂർണം,മലപ്പുറത്ത് വാഹനം തടഞ്ഞവര്‍ അറസ്റ്റില്‍

Published : Jun 16, 2022, 11:09 AM ISTUpdated : Jun 16, 2022, 12:07 PM IST
പരിസ്ഥിത ലോല ഉത്തരവ്; ഇടുക്കി, വയനാട് ജില്ലകളിലെ യുഡിഎഫ് ഹർത്താൽ പൂർണം,മലപ്പുറത്ത് വാഹനം തടഞ്ഞവര്‍ അറസ്റ്റില്‍

Synopsis

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം.

വയനാട്/ ഇടുക്കി: സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടയുന്നു. മലപ്പുറത്ത് റോഡ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതി വിധി കർഷകർക്ക് എതിരാകാതിരിക്കാൻ സർവകക്ഷിയോഗം വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. 

വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിവിധയിടങ്ങളിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. കൽപ്പറ്റ നഗരത്തിൽ ഐഎൻടിയുസി പ്രവർത്തകർ ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു. പൊലീസ് ഇടപെട്ടാണ് പിന്നീട് ബസ്സുകൾ കടത്തിവിട്ടത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. തുടർച്ചയായുള്ള എല്‍ഡിഎഫ്-യുഡിഎഫ് ഹർത്താലുകൾ വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു.

ഇടുക്കിയില്‍ കട്ടപ്പന, നെടുങ്കണ്ടം, ശാന്തന്‍പാറ മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. കുമളിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. ചുരുക്കം ചില സ്വകാര്യ, ടാക്സി വാഹനങ്ങൾ നിരത്തിലുണ്ട്. ദീർഘ ദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും ശബരിമല വാഹനങ്ങളും അതിർത്തി കടന്ന് എത്തുന്നുണ്ട്. 

ബഫർ സോൺ ആശങ്ക അകറ്റാൻ ഇടപെടലുകൾ ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ ആചരിക്കുന്നുണ്ട്. ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് 6 വരെ ഹർത്താൽ. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്. മലപ്പുറത്ത് കടകള്‍ ഭാഗികമായി തുറന്നിട്ടുണ്ട്. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കൽ, ചാലിയാർ പഞ്ചായത്തുകളിലാണ് മലപ്പുറം ജില്ലയില്‍ ഹർത്താൽ നടക്കുന്നത്. പത്രം, പാൽ, വിവാഹം, മറ്റ് അവശ്യ സർവീസുകളെയും ഇന്നത്തെ ഹര്‍ത്തില്‍ നിന്ന് ഒഴിവാക്കി.

ബഫർ സോൺ, നിയമപരമായി നേരിടാൻ കേരളം

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി