
തിരുവനന്തപുരം: ലോക്ഡൗണ്‍ മൂലം സംസ്ഥാനത്തെ ഐടി മേഖലയില്‍ 3000 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ നീണ്ടാല്‍ ഇരുപതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. വെല്ലുവിളികളെ പുതിയ സാധ്യതകളായി പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദശിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മൂന്ന് ഐടി പാര്‍ക്കുകളിലായി 800 ലേറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷത്തിലേറെ പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രതിവര്‍ഷം ഏകദേശം 25000 കോടിയാണ് കേരളത്തിലെ ഐടി മേഖലയുടെ വരുമാനം. അമേരിക്ക, ബ്രിട്ടണ്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ഐടി കമ്പനികളുടെ ഇടപാടുകാരില്‍ ഏറെയും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പല പ്രോജക്ടുകളും മരവിപ്പിച്ചു. വരുമാന നഷ്ടം ഐടി കമ്പനികളെ പ്രതിസന്ധിയിലാക്കി.
ഇതിനു മുമ്പ് 2000 ലും 2008 ലും ആഗോളതലത്തില്‍ ഐടി മേഖല പ്രതിസന്ധി നേരിട്ടിട്ടുണ്ട്. അതില്‍ നിന്ന് കരകയറുകയും ചെയ്തു. കോവിഡ് പ്രതിസന്ധിക്കു ശേഷം ഫുൾടൈം ജോലിക്കു പകരം ഹ്രസ്വകാല കോൺട്രാക്ടിനും ഫ്രീലാൻസിങ്ങിനും പ്രാധാന്യം നൽകുന്ന 'ഗിഗ് ഇക്കോണമി' പ്രചാരത്തിലാകും. സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാകും. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഐടി പാര്‍ക്കുകളിലെ വാടക ഒഴിവാക്കണം.വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് ആറുമാസത്തേക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ട് ഐടി ജീവനക്കാരുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam