
കണ്ണൂർ : വൈദേകം റിസോര്‍ട്ടിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സും കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി റിസോര്‍ട്ടിന്റെ മറവില്‍ വിദേശത്ത് നിന്ന് കോടികള്‍ ഒഴുകിയെത്തിയെന്ന പരാതി ഇഡിക്ക് മുന്നിലുണ്ട്. റിസോര്‍ട്ടില്‍ 4 ലക്ഷം മുതല്‍ 3 കോടി രൂപവരെ മുടക്കിയ 20 പേരുടെ വിവരങ്ങളും ഇഡിക്കു ലഭിച്ചിട്ടുണ്ട്. അതു പരിശോധിച്ചാല്‍ കേസെടുക്കാതിരിക്കാന്‍ കഴിയില്ല. ഇപി ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് വൈദേകം റിസോര്‍ട്ടിന്റെ പണി തുടങ്ങിയതും നിക്ഷേപങ്ങള്‍ ഒഴുകിവന്നതും. ഔദ്യോഗിക പദവി ദുരുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയാണ് നിക്ഷേപം വാങ്ങിയതെന്ന് ആക്ഷേപമുണ്ട്. കുടുംബത്തിന്റെ വക റിസോര്‍ട്ടിനുവേണ്ടി നേരിട്ടും പരോക്ഷമായും നടത്തിയ ഇടപെടല്‍ അഴിമതിയുടെ പരിധിയില്‍ വരുന്നതിനാല്‍ കേസെടുക്കേണ്ടി വരുമെന്നു സുധാകരന്‍ പറഞ്ഞു.
പവിത്രമായ എന്നര്‍ത്ഥമുള്ള വൈദേകം ഇന്ന് നിയമലംഘനങ്ങളുടെയും അഴിമതിയുടെയും ഔദ്യോഗികപദവി ദുരുപയോഗത്തിന്റെയും ലക്ഷണമൊത്ത പഞ്ചനക്ഷത്ര റിസോര്‍ട്ടാണ്. ഇതു സംബന്ധിച്ച് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ പരാതി നല്കിയപ്പോള്‍ എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. പാര്‍ട്ടിക്ക് സ്വന്തം കോടതിയും അന്വേഷണ ഏജന്‍സികളും ഉണ്ടെങ്കിലും വൈദേകം അഴിമതിയെക്കുറിച്ച് അന്വേഷിച്ചതേയില്ല. വൈദേകം റിസോര്‍ട്ടിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുമതി നല്കിയില്ല.
പത്തേക്കര്‍ കുന്നിടിച്ചുള്ള നിര്‍മാണത്തിന് സിപിഎം സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ ചെയര്‍പേഴ്‌സണായിരുന്ന ആന്തൂര്‍ നഗരസഭ പച്ചക്കൊടി കാട്ടി. ഇതേ നഗരസഭയാണ് നിസാരകാരണം പറഞ്ഞ് പ്രവാസിയുടെ ഓഡിറ്റോറിയത്തിന് കെട്ടിട നമ്പര്‍ നല്കാതിരുന്നതും തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തതും. കുന്നിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനത്തില്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകളക്ടര്‍ക്ക് പരാതി നല്കിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് നടപടി ഉണ്ടായില്ല. റിസോര്‍ട്ടിനെതിരേ വലിയ പ്രതിഷേധം ഉണ്ടായെങ്കിലും പ്രതിഷേധമില്ലെന്നാണ് തഹസീല്‍ദാര്‍ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്കിയത്.
പാര്‍ട്ടി സെക്രട്ടറിയുടെ ജനകീയ പ്രതിരോധ ജാഥ തുടങ്ങുന്നതിന്റെ തലേന്ന് ഇപി ജയരാജന്‍ ഇടനിലക്കാരന്‍ നന്ദകുമാറിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു. വിഎസ് അച്യുതാനന്ദന്റെ നിയമോപദേഷ്ടാവും പിണറായിക്കെതിരേ കരുനീക്കം നടത്തുകയും ചെയ്ത ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍ ഇപിക്കെന്താണ് കാര്യമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചോദ്യമുയര്‍ന്നെന്നും സുധാകരന്‍ പറഞ്ഞു.
ഷുഹൈബ് വധത്തില്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നെങ്കിലും അതും വൈദേകം ഇടപാടുപോലെ പാര്‍ട്ടി സംവിധാനത്തില്‍ ഒതുക്കിത്തീര്‍ത്തു. കൊലയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യം വിളിച്ച് പറഞ്ഞാല്‍ സിപിഎം നേതാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാനാവില്ലെന്നു തില്ലങ്കേരി ഭീഷണി മുഴക്കിയപ്പോള്‍ അയാളെ വീണ്ടും ജയിലിലടച്ച് നിശബ്ദനാക്കി. തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തല്‍ ഷുഹൈബ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ അറിഞ്ഞില്ലെന്നു പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണ്. ഞങ്ങളുടെ കുട്ടികളുടെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കുക തന്നെ ചെയ്യുമെന്നു സുധാകരന്‍ പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് വിദേശസഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് എന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ വെളിപ്പെടുത്തല്‍ അതീവ ഗൂരുതരമാണ്. ഇതുവരെ ലൈഫ്മിഷന്‍ ഇടപാട് ഉദ്യോഗസ്ഥരുടെ മാത്രം തലയില്‍കെട്ടിവച്ച് തലയൂരാന്‍ ശ്രമിച്ച സിപിഎം ഇനിയെന്തു ചെയ്യും. ലൈഫ് മിഷന്‍ കേസില്‍ ഇനിയും ചീഞ്ഞുനാറാതിരിക്കണമെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam