സിഎസ്ഐ ബിഷപ്പിന്റെ വിദേശയാത്ര തടഞ്ഞു, യുകെയിലേക്ക് പോകാനെത്തിയത് കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്നതിനിടെ

By Web TeamFirst Published Jul 26, 2022, 8:48 AM IST
Highlights

തിരുവനന്തപുരം വിമാനത്താവശത്തിൽ ബിഷപ്പിനെ തടഞ്ഞത് ഇമിഗ്രേഷൻ അധികൃതർ, നാളെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന ബഷപ്പ് ധർമരാജ് റസാലത്തിന്റെ വിദേശയാത്ര തടഞ്ഞു. ബിഷപ്പിനെ കള്ളപ്പണ കേസിൽ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് യുകെയിലേക്ക് പോകാനിരിക്കെയായിരുന്നു ചോദ്യം ചെയ്യൽ. രാത്രി ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ബിഷപ്പ് ധർമരാജ് റസാലത്തെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എൻഫോഴ്സ്മെന്റ് നിർദേശം നൽകിയിരുന്നു. നാളെ കൊച്ചി ഓഫീസിൽ ഹാ‍രാകാൻ ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുന്നേ സിഎസ്ഐ സഭാ സെക്രട്ടറി പ്രവീൺ വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവിൽ വിവരമൊന്നുമില്ല. കള്ളപ്പണ കേസിൽ ആരോപണം നേരിടുന്ന ബെന്നറ്റ് എബ്രഹാമിന്റെ പാസ്‍പോർട്ട് കാലാവധി ഒരു വർഷം മുന്നേ അവസാനിച്ചിരുന്നു. 

കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇന്നലെ ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ആസ്ഥാനമായ എൽഎംഎസിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി. പതിമൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവർ ഹാജരായിരുന്നില്ല. അന്വേഷണം തുടരുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഇഡി പരിശോധനയ്ക്ക് പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും മുഖാമുഖം എത്തിയിരുന്നു.  ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനിൽക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകാനാണ് വിമതപക്ഷത്തിന്റെ തീരുമാനം. അതേസമയം സഭയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ വാദം.

ബഷപ്പിനെതിരായ പണം തിരിമറി ആരോപണങ്ങളിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ വി.ടി.മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് മറുപടിയായാണ്, തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയിൽ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ, അന്വേഷണം ഏറ്റെടുത്തതായി ഇഡി കോടതിയെ അറിയിച്ചത്.
 

click me!