
കൊച്ചി: മാസപ്പടി കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു. കരിമണല്‍ കമ്പനി സി എം ആർ എലിന്‍റെ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകളെ ഇന്നലെ ചോദ്യം ചെയ്ത ഇ ഡി, ഇന്ന് ഭാര്യയെയും മകനെയും ചോദ്യം ചെയ്തു. ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും മകൻ ശരൺ എസ് കർത്തയും ഇന്ന് ഇ ഡി ഓഫീസിൽ ഹാജരായി. രാവിലെ പതിനൊന്നരയോടെയാണ് ഇരുവരും ചോദ്യം ചെയ്യലിന് എത്തിയത്. ഇതുവരെയും പൂർത്തിയായിട്ടില്ല. കര്‍ത്തയുടെ മകളും സി എം ആര്‍ എലിന്‍റെ സഹോദര സ്ഥാപനമായ നിപുണ ഇന്‍റര്‍നാഷണല്‍ ഡയറക്ടറുമായ ഷൈബി എസ് കര്‍ത്തയെ ഇന്നലെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ നേതൃത്വം നല്‍കുന്ന എക്സാലോജിക് സൊല്യൂഷന്‍ എന്ന സ്ഥാപനത്തിന് ചെയ്യാത്ത സേവനത്തിന് സി എം ആര്‍ എല്‍ പണം നല്‍കിയതിലാണ് അന്വേഷണം. സമാനമായ രീതിയില്‍ നിപുണ ഇന്‍റര്‍നാഷണലിനും സി എം ആര്‍ എല്‍ പണം നല്‍കിയതായി എസ് എഫ് ഐ ഒ കണ്ടെത്തിയിരുന്നു. ഈ ഇടപാടുകളെ പറ്റിയാണ് ഇ ഡി ഷൈബിയില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. സി എം ആർ എലുമായി ബന്ധപ്പെട്ട കൂടുതൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ചോദ്യം ചെയ്യലും ഇന്നുണ്ടാകും. നാളെയാണ് പിണറായിയുടെ മകളും എക്സാലോജിക് കമ്പനി മേധാവിയുമായ വീണയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ വീണയോട് ഈ മാസം 12 ന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ അറിയിച്ചതിനെ തുടർന്നാണ് നാളത്തേക്ക് പുതിയ സമൻസ് നൽകിയത്. വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നൽകിയ ഇമെയിലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം സാവകാശം നൽകിയത്. ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം ഇ ഡി തള്ളുകയും ചെയ്തിരുന്നു. കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് വീണയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സി എം ആർ എല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ് എഫ് ഐ ഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇ ഡി വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എം പവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലടക്കമാണ് ഇ ഡി അന്വേഷണം. നാളെ വീണ ഹാജരായേക്കുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam