
ദില്ലി: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീട്ടിലെ ഇഡി റെയ്‌ഡുമായി ബന്ധപ്പെട്ട ജോൺ ബ്രിട്ടാസിൻ്റെ ആരോപണം തള്ളി ശശി തരൂർ. ഇഡി റെയ്ഡിൽ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് എങ്ങനെ പറയാൻ കഴിയുന്നുവെന്ന് തരൂർ ചോദിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ മുഖ്യമന്ത്രിയെ ബഹുമാനപൂർവമാണ് പരിഗണിച്ചത്. വീട്ടിലെത്തി കണ്ട് ഇപ്പോഴത്തെ മുഖ്യമന്ത്രി അദ്ദേഹത്തിന് ആദരം അറിയിച്ചു. അനുരഞ്ജന മനോഭാവമാണ് കോൺഗ്രസിൻ്റേതെന്നും തരൂർ കൂട്ടിച്ചേര്‍ത്തു. അരവിന്ദ് കെജരിവാളിനോട് ചെയ്തത് പോലെ കോൺഗ്രസ് നേതൃത്വം പിണറായിയെ ഉന്നമിടാൻ ഇഡിയെ പ്രോത്സാഹിപ്പിച്ചെന്നായിരുന്നു ജോൺ ബ്രിട്ടാസിൻ്റെ ആരോപണം.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു. പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സിഎംആര്‍എല്‍ എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്, സിഎംആര്‍എല്‍ ഓഫീസ്, പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ ബംഗളൂരു ഓഫീസ്, കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റു രണ്ടു കമ്പനികളുടെ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം പരിശോധന തുടരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam