ഇഡിയുടെ പട്ടികയിൽ അനി കുട്ടനും അരുൺ എസും: ബിനീഷിന്‍റെ സാമ്പത്തിക ഇടപാടുകളിൽ വ്യാപക അന്വേഷണം

By Web TeamFirst Published Nov 11, 2020, 7:16 PM IST
Highlights

ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടൻ വലിയ തുക ബിനീഷിന്‍റെ അക്കൊണ്ടിൽ നിക്ഷേപിച്ചു. ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ അരുൺ എസിനേയും ചോദ്യം ചെയ്യണമെന്ന് ഇഡി 

ബെംഗലൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്. പുതിയ രണ്ട് പേരുകൾ കൂടി കേസുമായി ബന്ധപ്പെട്ട് ഉണ്ടെന്നും അവരെ കുറിച്ച് കൂടി അന്വേഷണം വേണമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടൻ വലിയ തുക  അക്കൗണ്ടിൽ നിക്ഷേപിച്ചു. പണം നിക്ഷേപിച്ചത് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ  അനൂപിന്‍റെ ഡെബിറ്റ് കാർഡ് അക്കൊണ്ടിലേക്കാണ്.  ഇതിന്‍റെ ഉറവിടത്തെ കുറിച്ച് വ്യക്തമായ ഉത്തരം ബിനീഷിനില്ല , അനി കുട്ടനെ ചോദ്യം ചെയ്യണമെന്നും ഇഡി കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. 

ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ ആളാണ് അരുൺ എസ്. ഇയാൾ ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കയച്ചു , ബിനീഷിനെ പുറത്തു വിട്ടാൽ സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ സ്വാധീനിക്കാനും , രാജ്യം വിടാനും സാധ്യതയുണ്ടെന്ന് എൻഫോഴ്സ്മെന്‍റ്  കോടതിയെ രേഖാമൂലം അറിയിച്ചു. 

അതിനിടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 13 ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.  പരപ്പന അഗ്രഹാര ജയിലിലേക്കാണ് ബിനീഷിനെ മാറ്റിയത്. ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ നവംബർ 18 നു കോടതി വാദം കേൾക്കും.

click me!