അനീഷയുടെ സ്വപ്നങ്ങൾക്ക് കരുതലോടെ വിദ്യാഭ്യാസ വകുപ്പ്; പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുമതി, നേരിട്ട് വിളിച്ച് പറഞ്ഞ് മന്ത്രി

Published : Nov 06, 2025, 04:58 PM IST
Aneesha Ashraf

Synopsis

മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച തൃശ്ശൂരിലെ അനീഷ അഷ്റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി. കടുത്ത ശാരീരിക വെല്ലുവിളികൾക്കിടയിലും പഠനം തുടരാനുള്ള അനീഷയുടെ അപേക്ഷ പരിഗണിച്ചാണ്  തീരുമാനം.

തൃശ്ശൂർ: മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച തൃശ്ശൂർ തളിക്കുളത്തെ അനീഷ അഷ്റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതുന്നതിന് പ്രത്യേക അനുമതി നൽകി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രത്യേക കേസായി പരിഗണിച്ചാണ് ഈ അനുമതി നൽകിയതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി അറിയിച്ചു. പേശികൾ ക്രമേണ നശിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ്വ ജനിതക രോഗം ബാധിച്ച വ്യക്തിയാണ് 32 വയസ്സുള്ള അനീഷ അഷ്റഫ്. എട്ടാം വയസ്സിൽ രോഗം പിടിപെടുകയും 11 വയസ്സായപ്പോഴേക്കും നടക്കാൻ കഴിയാതെ പഠനം ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു. നിലവിൽ കസേരയിൽ ഇരിക്കാൻ പോലും പ്രയാസമുള്ള അവസ്ഥയിലാണ്.

2023-ൽ അനീഷ അഷ്റഫിന് ഏഴാം ക്ലാസ്സ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരതാമിഷൻ പ്രത്യേക അനുമതി നൽകുകയും വിജയിക്കുകയും ചെയ്തിരുന്നു. 2021-ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ 'ഉണർവ്വ്' എന്ന ഓൺലൈൻ മത്സരത്തിൽ അനീഷ എഴുതിയ കഥയ്ക്ക് തൃശ്ശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. കൂടാതെ, 2023-ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാ വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡും അനീഷ നേടി.

പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിക്കണമെന്ന അനീഷ അഷ്റഫിന്റെ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോർട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ സർക്കാർ വിശദമായി പരിശോധിച്ചാണ് തീരുമാനമെടുത്തത്. പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. പരീക്ഷാർത്ഥിയുടെ സൗകര്യത്തിനായി വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കണം. പ്രസ്തുത മുറിയിൽ വിദ്യാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടാകാവൂ. പരീക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കി പരീക്ഷാ പേപ്പർ ഉൾപ്പെടെയുള്ളവ അധികാരികളെ ഏൽപ്പിക്കേണ്ട ഉത്തരവാദിത്വം ഇൻവിജിലേറ്റർക്കായിരിക്കും.

പരീക്ഷാ നടപടികൾ പൂർത്തിയാകുന്നതുവരെ പരീക്ഷയുടെ രഹസ്യ സ്വഭാവം കർശനമായി പാലിക്കണം. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പരീക്ഷാഭവൻ സെക്രട്ടറി ഏർപ്പെടുത്തേണ്ടതും വിവരം വിദ്യാർത്ഥിയെ അറിയിക്കേണ്ടതുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഭിന്നശേഷിക്കാരായവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അനീഷ അഷ്റഫിന്റെ ഇച്ഛാശക്തി മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ടാം ബലാത്സം​ഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കില്ല, ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍
വിജയലഹരിയിൽ മതിമറന്നെത്തി, എൽഡിഎഫ് പ്രവർത്തകരുടെ വീടിന് നേരെ എസ്ഡിപിഐ അക്രമം, സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്