
തിരുവനന്തപുരം: വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പ്ലാവൂർ ഗവ ഹൈസ്കൂളിലും കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ പണിമുടക്ക് ദിവസം ദുരുപയോഗം ചെയ്‌ത സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, പ്ലാവൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർക്ക് എതിരെയാണ് പരാതി. രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ദിവസമാണ് സംഭവം.
ഒരുകൂട്ടം അധ്യാപകരാണ് പണിമുടക്ക് ദിനത്തിൽ ജോലിക്കെന്ന വ്യാജേന എത്തിയത് എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. വർക്കല ഗവ മോഡൽ ഹയർ സെക്കൻഡറിയിൽ ഇരുപതോളം അധ്യാപകർ കപ്പയും മീൻകറിയും വച്ചുവിളമ്പി, പായസവും ഉണ്ടാക്കി കപ്പയും ചമ്മന്തിയും സുലൈമാനി, സ്പെഷ്യൽ മത്തി വറുത്തത്, നെത്തോലി പീര തുടങ്ങിയ മെനു നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു എന്നും പരാതിയുണ്ട്.
പ്ലാവൂർ ഗവ. ഹൈസ്കൂളിലെ അധ്യാപകർക്കെതിരെയും പരാതിയുണ്ട്. പണിമുടക്ക് ദിവസം സ്കൂളിലേക്ക് അധ്യാപകരെത്തി കുട്ടികളുടെ ഭക്ഷ്യധാന്യം ദുരുപയോഗിച്ചുവെന്ന് പരാതിയുണ്ട്. സ്കൂളിന്‍റെ ഇരു ഗേറ്റുകളും അകത്തുനിന്ന് പൂട്ടിയശേഷമാണ് സംഘം ഇലയടയും കട്ടൻചായയും ഉണ്ടാക്കി എന്നാണ് പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam