
പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ (Panniyankara Toll Plaza) ടോറസ് ലോറി ഉടമകൾ നടത്തി വന്ന സമരം (Lorry Strike) പിൻവലിച്ചു. ടോളിൽ ഇളവ് ആവശ്യപ്പെട്ട് മൂന്ന് ദിവസമായി നടത്തിവന്ന സമരമാണ് പിൻവലിച്ചത്. റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ ടോറസ് ഉടമകളായിരുന്നു സമരം നടത്തിയത്.
വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പിരിവ് (Panniyankara Toll Plaza) സ്തംഭിപ്പിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. വാഹനങ്ങൾ ടോൾ ബൂത്തിൽ (Toll Booth) നിർത്തിയിട്ടാണ് പ്രതിഷേധിച്ചത്. വൻ തുക ടോൾ വാങ്ങുന്നതിൽ പ്രദേശവാസികളടക്കമുള്ളവർ രംഗത്തെത്തി. ടോള്‍ ബൂത്തിന്റെ ഉള്ളിലും ഇരുഭാഗത്തുമായി അഞ്ഞൂറോളം വാഹനങ്ങൾ നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. ഒരു തവണ ഇരുഭാഗത്തേക്കുമായി പോകുന്നതിന് 645 രൂപയാണ് വലിയ വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇത്രയും തുക നൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ടോറസ് ഉടമകൾ.
ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പൊലീസ് ചർച്ച നടത്തിയെങ്കിലും പിന്മാറാൻ സമരക്കാർ തയ്യാറായിരുന്നില്ല. പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസയ്ക്ക് സമീപം കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 9ന് പുലര്‍ച്ചെയാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചത്. പ്രദേശവാസികൾക്ക് നൽകിയിരുന്ന സൗജന്യം അവസാനിപ്പിച്ചതോടെ നാട്ടുകാരെത്തി ടോൾ പിരിവ് തടഞ്ഞതോടെ തൽസ്ഥിതി തുടരാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam