
തിരുവനന്തപുരം: ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസയിൽ പറഞ്ഞു.
ആശംസക്കുറിപ്പിങ്ങനെ...
ത്യാഗത്തിൻ്റേയും സ്നേഹത്തിൻ്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേത്. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നു. സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ. വ്യതിരിക്തതകളുടെ വേലിക്കെട്ടുകൾ ഭേദിച്ച് എല്ലാ മനുഷ്യർക്കും ഒത്തുചേർന്ന് ബലി പെരുന്നാൾ ആഘോഷിക്കാൻ സാധിക്കണം. ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുന്നു.
സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി ജൂൺ 29 നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. ജൂൺ 28 നിയന്ത്രിത അവധിയായിരിക്കുമെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജൂൺ 28നും 29നും അവധി നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. നേരത്തെ, കേരളത്തില്‍ പെരുന്നാൾ അവധി രണ്ട് ദിവസമായിരിക്കുമെന്ന് അറിയിപ്പ് വന്നിരുന്നു.
ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. പെരുന്നാള്‍ കണക്കിലെടുത്ത് രണ്ട് ദിവസം അവധി നല്‍കണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ വ്യാഴാഴ്ച (ജൂൺ 29) ആണ് ബലി പെരുന്നാൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam