
ദില്ലി: മ്യാൻമർ- തായ്ലൻഡ് അതിർത്തിയിൽ മനുഷ്യക്കടത്തിന് ഇരയായി കുടുങ്ങിയ ഏട്ട് മലയാളികൾ അടക്കം 283 പേരെ തിരിച്ചെത്തിച്ചു. സൈബർ തട്ടിപ്പ് സംഘങ്ങൾ കെണിയിലാക്കിയവരെയാണ് തിരികെ എത്തിച്ചത്. മ്യാൻമറിലെയും തായ്ലാൻഡിലെയും എംബസികളുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്. തട്ടിപ്പിൽ കുടുങ്ങിയ മലയാളികൾ ഇവർക്കുണ്ടായ ദുരിതം ഏഷ്യാനെറ്റ് ന്യൂസിനോട് വിവരിച്ചു.
നടുക്കുന്ന അനുഭവങ്ങളാണ് മനുഷ്യക്കടത്ത് സംഘങ്ങളിൽ നിന്ന് രക്ഷപ്പെട്ട് തിരികെ എത്തിയ മലയാളികൾ വിവരിക്കുന്നത്. ഒരു വനിത അടക്കം ഏട്ട് മലയാളികളാണ് തിരികെ എത്തിച്ചത്. ടെലഗ്രാം, ഫേസ്ബുക്ക്, ഉൾപ്പെടെ സാമൂഹ മാധ്യമങ്ങളിൽ എത്തുന്ന ജോലി സംബന്ധമായ പരസ്യങ്ങളിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. മെച്ചപ്പെട്ട വേതനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് അപേക്ഷ നൽകുന്നത്. പിന്നീട് ഇങ്ങനെ ബങ്കോകിലേക്ക് ജോലി വാഗ്ദാനം നൽകി എത്തിക്കുന്നവരെ ഇത്തരം സംഘങ്ങൾ പിന്നീട് മ്യാൻമാർ അതിർത്തിക്കടത്തും. തായ്ലൻഡിലെ മേ സോട്ടിൽ നിന്നാണ് മ്യാൻറിലേക്ക് കടത്തുന്നത്. സൈബർ തട്ടിപ്പ് ജോലിക്കായാണ് ഇവരെ എത്തിക്കുന്നത്. ജോലി ചെയ്യാൻ തയ്യാറായില്ലെങ്കിൽ പലർക്കും കൊടിയ മർദ്ദനം ഏൽക്കേണ്ടി വരുമെന്നും തിരിച്ചെത്തിയവർ പറയുന്നു.
തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, മ‍്യാൻമാർ എന്നിവിടങ്ങളിലെ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ തട്ടിപ്പിൽ പെട്ട 7000ത്തോളം പേരെ വിവിധ രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇവരിൽ 543 ഇന്ത്യക്കാരിൽ നിന്നാണ് ആദ്യ സംഘത്തെ തിരികെ എത്തിച്ചത്. തിരികെയെത്തിയ മലയാളികളെ നോർക്കാ ദില്ലി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫിസര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ രാവിലെ സ്വീകരിച്ചിരുന്നു. ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികളും നോർക്ക ദില്ലി ഓഫീസ് ഏർപ്പെടുത്തി.മടക്കയാത്രയുടെ ചെലവുകൾ നോർക്കാ വഹിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം