
കാഠ്‌മണ്ടു: നേപ്പാളിൽ എട്ട് മലയാളികളെ ഹോട്ടൽ മുറിയ്ക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. കുന്നമംഗലം, ചെമ്പഴന്തി സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. രണ്ട് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ്. ദമാനിൽ ഇവർ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്. ഒരു മുറിയിൽ രണ്ട് ഭാഗത്തായാണ് ഇവർ താമസിച്ചത്. വാതിലുകളും ജനാലകളും അടച്ചാണ് ഇവർ താമസിച്ചത്. രാവിലെ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. മുറികൾ തുറന്ന് നോക്കിയപ്പോഴാണ് നാല് പേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്.
ദമാനിലെ ഹോട്ടലിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചത്. നാല് പേരെ 10.48 നും മറ്റുള്ളവരെ 11.30 നുമാണ് ആശുപത്രിയിലെത്തിച്ചത്. ആശുപതിയിലെത്തിക്കും മുൻപ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കാവാം മരണകാരണമെന്നാണ് സംശയം.
അപകടത്തിന്റെ കാരണത്തെ കുറിച്ച് ബോധ്യപ്പെടാൻ എം ബിസി ഡോക്ടർ എത്തിയിട്ടുണ്ട്. എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോർട്ടം. മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടിക്ക് അപകടം സംഭവിച്ചിട്ടില്ല. വിനോദസഞ്ചാര സംഘത്തിൽ 15 പേരാണ് ഉണ്ടായിരുന്നത്. ഇവർ ഇന്നലെയാണ് സ്ഥലത്തെത്തിയത്. ഇവിടെ നാല് മുറികളിലായാണ് ഇവർ താമസിച്ചിരുന്നത്. കനത്ത തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഹീറ്റർ ഓൺ ചെയ്തിരുന്നുവെന്നാണ് വിവരം. സമുദ്ര നിരപ്പിൽ നിന്ന് 2500 അടിയോളം ഉയരത്തിലാണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. കാഠ്‌മണ്ടുവിൽ നിന്ന് ഇവിടേക്ക് 80 കിലോമീറ്ററോളം ദൂരമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam