Latest Videos

'മതം പറഞ്ഞല്ല ഇടതുപക്ഷം വോട്ട് പിടിച്ചത്', യുഡിഎഫ് വിലകുറഞ്ഞ വർഗീയ പ്രചാരണം നടത്തിയെന്നും എളമരം കരീം 

By Web TeamFirst Published May 6, 2024, 7:49 PM IST
Highlights

കൊവിഡ് കാലത്ത് ഉൾപ്പെടെ മികച്ച പ്രവർത്തനം നടത്തിയതിന് ലോകം അംഗീകരിച്ച ആൾ. അങ്ങനെ ഒരു വ്യക്തിയെ അല്ലേ കോൺഗ്രസ് ഈ രീതിയിൽ അവഹേളിച്ചത്? ഇത് ജനങ്ങൾ പൊറുക്കുമോ?

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫ് വിലകുറഞ്ഞ വർഗീയ പ്രചാരണം നടത്തിയെന്ന് എളമരം കരീം. വർഗീയ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ  വടകരയിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെയാണ് ഇലക്ഷൻ പ്രചാരണം നടത്തേണ്ടതെന്ന് യുഡിഎഫ് പഠിക്കണം. കേരളത്തിൽ മുഴുവൻ പ്രചാരണം നടത്തിയ പിണറായി സംസാരിച്ചത് മുഴുവൻ രാഷ്ട്രീയമാണെന്നും ഒരിക്കൽ പോലും വിദ്വേഷ പ്രചരണം നടത്തിയിട്ടില്ലെന്നും എളമരം കരീം പറ‌‍ഞ്ഞു. 

മതം പറഞ്ഞല്ല ഇടത് പക്ഷം വോട്ട് പിടിച്ചത്. ആ‍ര്‍എസ്എസ് അടുത്ത വർഷം നൂറാം വാർഷികം ആഘോഷിക്കാൻ പോകുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാധ്യമങ്ങളെ ബിജെപി വിലക്കെടുത്തു. വിമർശിക്കുന്നവരെ ജയിലിൽ അടക്കുന്നു.

വർഗ്ഗീയ പാർട്ടിയായ ബിജെപിയെ തുരത്താൻ ഉള്ള പ്രവർത്തനമായിരുന്നു കോൺഗ്രസ്സ് നടത്തേണ്ടിയിരുന്നത്. ഇതാണോ അവർ വടകരയിൽ ഉൾപ്പെടെ ചെയ്തതെന്ന് എളമരം കരീം ചോദിച്ചു. രാഷ്ട്രീയം പറയുന്നതിന് പകരം സ്ഥാനാർത്ഥിയെ വ്യക്തിപരം ആയി അധിക്ഷേപിച്ചു. ലീഗിലെ ചില നേതാക്കളെ വർഗീയ കോമരമാക്കി വടകരയിലെ ഇടതുസ്ഥാനാർത്ഥിയെ അവഹേളിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. മഹത്തായ പാരമ്പര്യമുള്ള കോൺഗ്രസ് പ്രസ്ഥാനം ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത്. ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ കെ കെ ശൈലജയെ ആക്രമിച്ചു. സമൂഹ മാധ്യമങ്ങളിൽ അവഹേളിച്ചു. ഇതും പോരാതെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് കോൺഗ്രസ് ചെയ്തത്. കേരളം കണ്ട മികച്ച മന്ത്രിയായിരുന്നു കെകെ ശൈലജ. കൊവിഡ് കാലത്ത് ഉൾപ്പെടെ മികച്ച പ്രവർത്തനം നടത്തിയതിന് ലോകം അംഗീകരിച്ച ആൾ. അങ്ങനെ ഒരു വ്യക്തിയെ അല്ലേ കോൺഗ്രസ് ഈ രീതിയിൽ അവഹേളിച്ചത്? ഇത് ജനങ്ങൾ പൊറുക്കുമോ?

 തെരഞ്ഞെടുപ്പ് ജയിക്കാൻ കോൺഗ്രസ് നടത്തിയ വൃത്തികേട് ജനങ്ങളോട് പറയണം. അല്ലാതെ പ്രകോപനം ആകുകയല്ല വേണ്ടത്. നികൃഷ്ടമായ ഭാഷയിൽ കെ.കെ.ശൈലജയെ അവഹേളിച്ചു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച ആളുകളാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് കോൺഗ്രസ്. ഇതും രാജ്യദ്രോഹ പ്രവർത്തനമാണെന്നും എളമരം കരീം കുറ്റപ്പെടുത്തി.  

 

 

click me!