
കൊച്ചി: മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ഇലന്തൂർ നരബലി കേസിലെ പ്രതികളായ ലൈലയും ഭഗവൽ സിംങ്ങും. കോടതിയിലേക്ക് കൊണ്ടുപോകാനായി കാക്കനാട് ജയിലിൽ നിന്ന് ഇറക്കിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം. മനുഷ്യമാംസം കഴിച്ചിട്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു രണ്ട് പേരുടെയും മറുപടി.
അതിനിടെ, ലൈലയുടെയും ഭഗവൽ സിംങ്ങിന്‍റെയും വീട്ടില്‍ നിന്ന് കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെയെന്ന് സ്ഥിരീകരിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ട് പറത്ത് വന്നു. ഇത് പത്മയുടെയും റോസിലിയുടെയും ആണോ എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി ഇരുവരുടെയും ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സാമ്പിളുകള്‍ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. നടപടികൾ പൂർത്തിയായ ശേഷം നാളെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസിന് വിട്ടുകൊടുക്കും.
കേസിൽ പ്രതികളായ ഷാഫി, ഭഗവൽ സിങ്ങ്, ലൈല എന്നിവരെ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് സമാനതകൾ ഇല്ലാത്ത ക്രൂരകൃത്യമെന്നും സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും പ്രതികളുടെ കസ്റ്റഡി ഉത്തരവില്‍ കോടതി പറഞ്ഞു. 20 ഇടങ്ങളിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം മുഖവിലക്കെടുക്കുന്നുവെന്നും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡി ഉത്തരവില്‍ പറയുന്നു. ഷാഫി കൂടുതൽ നരബലി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. മുഖം മറച്ച് മാത്രമെ പ്രതികളെ പുറത്തിറക്കാവു എന്നും കോടതി നിർദ്ദേശിച്ചു.
Also Read: 'ശ്രീദേവി' വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്, 100 ലേറെ പേജിൽ മൂന്ന് കൊല്ലത്തെ ചാറ്റുകൾ
അതേസമയം, കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പരിശോധന തുടങ്ങി. നരബലി ആസൂത്രണം ചെയ്യാൻ ഷാഫി തയ്യാറാക്കിയ ശ്രീദേവി എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ മൂന്ന് വർഷത്തെ സംഭാഷണങ്ങളാണ് പൊലീസ് വീണ്ടെടുത്തത്.
Also Read: പത്മയുടെ 39 ഗ്രാം സ്വർണം പണയപ്പെടുത്തി, 1.1 ലക്ഷം കിട്ടി, ഒരു പങ്ക് ഭാര്യക്കും നൽകിയെന്ന് ഷാഫി