
കൊച്ചി: ഇരട്ട നരബലിയ്ക്കായി മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്കരിച്ചത്.
സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിൽ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഇലന്തൂർ ഇരട്ട നരബലിക്കേസിൽ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുൻകാല ചെയ്തികൾ സംബന്ധിച്ച് ലൈല പറഞ്ഞത്. ഇലന്തൂർ നരബലിയ്ക്ക് മുമ്പ് പ്രതികൾ കാളീ പൂജ നടത്തിയതായും പ്രതികൾ വ്യക്തമായി.
എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഒരു വർഷം മുമ്പാണ് ഷാഫി ലൈലയോട് പറഞ്ഞത്. ഇലന്തൂരെ വീടിന്‍റെ തിണ്ണയിലിരുന്ന് നരബലിയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു ഇത്. കൊലപ്പെടുത്തിയ ശേഷം മനുഷ്യമാസം വിറ്റെന്നും നല്ല കാശ് കിട്ടിയെന്നും ഷാഫി ലൈലയോട് പറഞ്ഞു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും ലൈല പൊലീസിന് മൊഴി നൽകി. എന്നാൽ ഇലന്തൂരെ ദമ്പതികളെ വിശ്വിപ്പിക്കാൻ താൻ പറഞ്ഞ കള്ളമാണിതെന്നാണ് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഷാഫിയുടെ മറുപടി. പ്രതികൾ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടെന്നും ഏതൊക്കെ കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് പരിശോധിച്ച് വരികയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
രണ്ടാമത്തെ നരബലി സമയത്താണ് പ്രതികൾ കാളീ പൂജ നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. പദ്മയെ കൊലപ്പെടുത്തിയ സമയം തലയ്ക്ക് പിറകിലായി കാളീ ചിത്രം വെച്ച് അതിന് മുന്നിൽ വിളക്ക് കത്തിച്ചു. നരബലി ഫലിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് ആഭിചാര ഗ്രന്ധങ്ങളിലുണ്ടെന്നാണ് ഭഗവൽ സിംഗ് ചോദ്യം ചെയ്യലിൽ മറുപടി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam