'എൽദോസ് കുന്നപ്പിള്ളി എംഎൽഎ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തു': യുവതി

Published : Oct 11, 2022, 09:31 AM ISTUpdated : Oct 11, 2022, 12:02 PM IST
'എൽദോസ് കുന്നപ്പിള്ളി എംഎൽഎ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തു': യുവതി

Synopsis

കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മർദ്ദിച്ചുവെന്നാണ് പരാതി. പരാതിക്കാരി നേരത്തെ മൊഴി നല്കാൻ തയ്യാറായിരുന്നില്ല

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കോവളത്ത് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസിൽ ഇന്ന് മൊഴി നൽകുമെന്നും ഇവർ കോടതിയെ അറിയിച്ചു. കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്.

കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മർദ്ദിച്ചുവെന്നാണ് ഒരാഴ്ച മുൻപ് സ്ത്രീ നൽകിയ പരാതി. എന്നാൽ മൊഴി നൽകാൻ ഇവർ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് കാട്ടി സുഹൃത്ത് കോവളം പൊലീസിൽ വീണ്ടും പരാതി നൽകി. പൊലീസ് യുവതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തനിക്ക് വീട്ടിൽ നിൽക്കാൻ കഴിയുന്നില്ലെന്നും അതിയായ സമ്മർദ്ദമുണ്ടെന്നും പറഞ്ഞു. താൻ നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയാണെന്നും പൊലീസ് സംരക്ഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

കാണാതായെന്ന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ യുവതിയെ കൂട്ടിക്കൊണ്ടുവന്ന പൊലീസ് ഇവരെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റിന് മുൻപിൽ എത്തിയപ്പോൾ നേരത്തെ നൽകിയ പരാതിയേക്കാൾ ഗൗരവമാർന്ന ആരോപണങ്ങൾ യുവതി ഉന്നയിച്ചു. എംഎൽഎ പല സ്ഥലങ്ങളിൽ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചെന്നും, കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്ന പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തെന്നും ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ഇവർ മജിസ്ട്രേറ്റിന് മൊഴി നൽകി.

പൊലീസിനെതിരെയും സ്ത്രീ പരാതി ഉന്നയിച്ചു. ഒരാഴ്ച മുൻപ് പരാതി നൽകിയെങ്കിലും കേസ് ഒത്തുതീർക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായെന്ന് അവർ പറഞ്ഞു. ഒരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും രണ്ട് തവണ മൊഴി നൽകാൻ വിളിപ്പിച്ചെങ്കിലും സ്ത്രീ തയ്യാറായില്ലെന്നും ബന്ധുക്കളുമായി ചർച്ച ചെയ്ത ശേഷം മൊഴി രേഖപ്പെടുത്താമെന്നുമാണ് പരാതിക്കാരി പറഞ്ഞതെന്നും പൊലീസ് പറയുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം തങ്ങൾക്ക് നൽകിയ പരാതിയിൽ സ്ത്രീ ആരോപിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നുണ്ട്.

ഒന്നര വർഷത്തോളമായി എംഎൽഎയുമായി സൗഹൃദമുണ്ടെന്ന് സ്ത്രീ പറഞ്ഞതായാണ് പൊലീസ് ഭാഷ്യം. പരാതിക്കാരി ലൈംഗിക പീഡനം നടന്നതായി മൊഴി നൽകിയാൽ തക്കതായ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കോവളം പൊലീസ് ഇന്ന് പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും എംഎൽഎക്കെതിരായ നടപടികൾ. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎ പ്രതികരിച്ചത്.

കഴിഞ്ഞമാസം 14നാണ് കോവളത്ത് സൂയിസൈഡ് പോയിന്‍റിന് സമീപം കാറിൽ വെച്ച് എൽദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചതെന്നാണ് അധ്യാപികയായ സ്ത്രീ പൊലീസിന് ആദ്യം നൽകിയ പരാതി. സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസിന് കൈമാറുകയായിരുന്നു. ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്കൂളിലെ അധ്യാപികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
മുരാരി ബാബുവിനെ തേടി വിജിലൻസ് സ്പെഷ്യൽ സംഘം; വീടിന്റെ രേഖകൾ ശേഖരിച്ചു