
പത്തനംതിട്ട: ശബരിമല മുന്നൊരുക്കങ്ങളിൽ വിലങ്ങുതടിയായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും. ഉദ്യോഗസ്ഥയോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി വിഎൻ വാസവൻ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായതോടെ വാഹനങ്ങൾ ഇലവുങ്കലിൽ തടഞ്ഞ് പൊലീസ്. സന്നിധാനത്തെ നിയന്ത്രണം പാളിയതോടെയാണ് ഈ നടപടി. തിരക്ക് കുറയുന്നതനുസരിച്ച് ഇലവുങ്കൽ നിന്നും വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം. നിലക്കലിൽ ആവശ്യത്തിലധികം ബസുകൾ ഉണ്ടെന്നും ബസുകൾ കയറ്റി വിടാത്ത പ്രശ്നം മാത്രമേ ഉള്ളൂവെന്നുമാണ് കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. തിരക്ക് വൈകാതെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഡിജിപി പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അപ്രതീക്ഷിത തിരക്കാണ് ഉണ്ടായതെന്നും സ്‌ത്രീകളും കുട്ടികളും കൂടുതലായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.
കുട്ടികൾ കൂടുതലായതിനാൽ മിനിറ്റിൽ 90വരെ ഭക്തരെ പിടിച്ചുകയറ്റാൻ കഴിയില്ല. തിരക്ക് നിയന്ത്രക്കാൻ മുഴുവൻ പൊലീസുകാരും ശ്രമിക്കുകയാണ്. സർക്കാർ ഫണ്ട് വന്നില്ല. ശബരിമല സേഫ് സോൺ പദ്ധതിയും പാളി. മോട്ടോർ വാഹന വകുപ്പാണ് ശരണപാതയിൽ സുരക്ഷിതയാത്ര വർഷങ്ങളായി ഒരുക്കുന്നത്. ഇക്കുറി ഫണ്ട് നൽകാത്തതിനാൽ പദ്ധതി തുടങ്ങാൻ ആയില്ല. ഡീസൽ കാശ് ഇല്ലാതെ മോട്ടോർ വാഹന വകുപ്പ് വണ്ടികൾ ഇലവുങ്കലിൽ വെറുതെ കിടക്കുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് മുൻകൂർ ഫണ്ട് വന്നില്ല.