കൊല്ലത്തെ ബിജെപിയിലും ഫണ്ട് തിരിമറി ആരോപണം ; മണ്ഡലം സെക്രട്ടറി രാജി വച്ചു

By Web TeamFirst Published Jun 27, 2021, 3:28 PM IST
Highlights

കരുനാഗപ്പളളിയിലെ ബിജെപി മണ്ഡലം സെക്രട്ടറി രാജി രാജാണ് തിരഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി രംഗത്തെത്തിയത്.

കൊല്ലം: വയനാടിനും തൃശൂരിനും പിന്നാലെ കൊല്ലത്തെ ബിജെപിയിലും തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം. പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നല്‍കിയ പണത്തില്‍ നിന്ന് മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ കരുനാഗപ്പളളിയിലെ സ്ഥാനാര്‍ത്ഥി ബിറ്റി സുധീര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പിന്‍വലിച്ചെന്നാണ് ആരോപണം. നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കരുനാഗപ്പളളിയിലെ ബിജെപി മണ്ഡലം സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു.

കരുനാഗപ്പളളിയിലെ ബിജെപി മണ്ഡലം സെക്രട്ടറി രാജി രാജാണ് തിരഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി രംഗത്തെത്തിയത്. 30000ത്തിലധികം വോട്ടുളള മണ്ഡലമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ വന്‍ തുക കരുനാഗപ്പളളിയിലെ പ്രചാരണത്തിനായി പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്നെന്ന് രാജി പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം ഈ തുകയില്‍ നിന്ന് മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ സ്ഥാനാര്‍ഥിയായ ബിറ്റി സുധീര്‍ പിന്‍വലിച്ചെന്നാണ് രാജിയുടെ ആരോപണം.

ഇതേപറ്റി രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാ‍ഞ്ഞതോടെയാണ് രാജി മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ചത്. എന്നാല്‍ രാജിക്കത്ത് ബിജെപി ജില്ലാ നേതൃത്വം ഇനിയും അംഗീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പു ഫണ്ടില്‍ വന്ന തുകയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നു പറഞ്ഞ രാജിയെ അനുനയിപ്പിക്കാനും നീക്കം തുടങ്ങി. തിരഞ്ഞെടുപ്പു കണക്ക് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് സ്ഥാനാര്‍ഥിയായിരുന്ന ബിറ്റി സുധീറിന്‍റെ പ്രതികരണം. ബിജെപി ജില്ലാ നേതൃത്വം പ്രതികരണത്തിന് തയാറായിട്ടുമില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!