
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ ഇലക്ട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറുമായി കൂടിക്കാഴ്ച നടത്തി കോര്‍പ്പറേഷൻ മേയര്‍ വിവി രാജേഷ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇലക്ട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായി. ഇലക്ട്രിക് ബസുകളുടെ സര്‍വീസില്‍ നിലവിലെ സാഹചര്യം തുടരാനാണ് ചര്‍ച്ചയിൽ ധാരണയായത്. എല്ലാ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയതെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞു. ബസുകളുടെ റൂട്ടുകളിലടക്കം മേയര്‍ മന്ത്രിയെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇരുവരും ചര്‍ച്ച നടത്തിയെങ്കിലും കരാര്‍ പാലിക്കുന്നതിലടക്കമുള്ള തര്‍ക്കം ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. തത്കാലം നിലവിലെ സാഹചര്യം തുടരാനാണ് തീരുമാനമായത്.
സ്മാർട്ട് സിറ്റി പദ്ധതിയിൽ തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച ഇലക്ട്രിക് ബസുകൾ ബിജെപി അധികാരത്തിലെത്തിയതോടെയാണ് ചര്‍ച്ചയായത്. നഗരത്തിലെ ഇടറോഡുകളിലൂടെ ഉൾപ്പെടെ ഓടിയിരുന്ന 113 ബസുകൾ ലാഭകരമല്ലെന്ന് വിലയിരുത്തിയാണ് ഗതാഗത മന്ത്രി ഇടപെട്ട് കെഎസ്ആർടിസി മറ്റ് സ്ഥലങ്ങളിലേക്ക് ഓടിക്കാൻ തുടങ്ങിയത്. എന്നാൽ, ഈ ബസുകൾ ഇനി നഗരത്തിനുളളിൽ ഓടിയാൽ മതിയെന്ന് മേയർ വി.വി.രാജേഷ് നിലപാട് എടുത്തതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. മറ്റ് ഡിപ്പോകൾക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നായിരുന്നു കോര്‍പ്പറേഷന്‍റെ ആവശ്യം. നഗരത്തിലെ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയിൽ സര്‍വീസ് നടത്തേണ്ടതുണ്ടെന്നും ലാഭവിഹിതം കോര്‍പ്പറേഷന് നൽകുന്നതിൽ വീഴ്ചയുണ്ടെന്നും നേരത്തെ വിവി രാജേഷ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇലക്ട്രിക് ബസുകള്‍ കോര്‍പ്പറേഷൻ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചു നൽകുമെന്നും പകരം ബസുകള്‍ കെഎസ്ആര്‍ടിസി ഇറക്കുമെന്നും മന്ത്രി കെബി ഗണേഷ്‍കുമാര്‍ മറുപടിയും നൽകി. തുടര്‍ന്ന് ഇലക്ട്രിക് ബസുകള്‍ നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഒരുപാട് സ്ഥലമുണ്ടെന്നും അത്തരത്തിൽ ബസ് തിരിച്ചെടുക്കാൻ ഉദ്ദേശമില്ലെന്നും മേയറും തിരിച്ചടിച്ചിരുന്നു.ഇ ബസിൽ കരാര്‍ പാലിക്കണമെന്ന മേയറുടെ നിലപാടിന് പിന്നാലെ കെബി ഗണേഷ്കുമാര്‍ വീണ്ടും വിശദീകരണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ബസിന്‍റെ കണക്ക് പറഞ്ഞ് അങ്ങ് കൊടുത്തേക്കാമെന്ന് പറഞ്ഞപ്പോൾ ആർക്കും വേണ്ടന്നായിരുന്നു ഗണേഷ്‍കുമാറിന്‍റെ പ്രതികരണം. ബസ് നടത്തിക്കൊണ്ടുപോകാന്‍ പറ്റില്ല. നടുവൊടിഞ്ഞുപോകും. ഇത് കെഎസ്ആര്‍ടിസി ഒരു കൂട്ടത്തിനിടയില്‍ നടത്തുന്നതിനാല്‍ നടക്കുന്നതാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞിരുന്നു. ബസ് സര്‍വീസ് വിവാദം തുടരുന്നതിനിടെയാണ് ഇരുവരും തമ്മിൽ നിര്‍ണായക കൂടിക്കാഴ്ച നടത്തിയത്. നിലവിലെ പോലെ സര്‍വീസ് തുടരാൻ ധാരണയായത് മഞ്ഞുരുകലിന്‍റെ ഭാഗമാണെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam