
പാലക്കാട് : ഇടുങ്ങിയ റോഡിന്റെ ഒത്ത നടുക്ക് ഒരു വൈദ്യുത പോസ്റ്റ്. പോസ്റ്റ് കാരണം ഒട്ടോറിക്ഷ പോലും കടന്ന് പോകാത്തതിനാൽ, അസുഖ ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നത് തലച്ചുമടായി. മറ്റെവിടെയുമല്ല. നമ്മുടെ കേരളത്തിൽ തന്നെ. പാലക്കാട് മരുതറോഡ് അംബുജം കടയൻകോട് കോളനി നിവാസികളാണ് നാല് പതിറ്റാണ്ടുകളായി റോഡിന് നടുവിലെ ഈ പോസ്റ്റ് കാരണം യാത്രാ ദുരിതം അനുഭവിക്കുന്നത്.
മരുതറോഡ് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് കടയൻകോട് കോളനിയുള്ളത്. നിലവിൽ നാൽപതോളം കുടുംബങ്ങളാണ് ഈ കോളനിയിൽ താമസിക്കുന്നത്. നേരത്തെ കാൽനട യാത്രപോലും സാധ്യതയില്ലാതിരുന്ന സമയത്ത് നാട്ടുകാരുടെ പരാതികൾക്കൊടുവിലാണ് ജലസേചന വകുപ്പ് കനാൽ വരമ്പിലൂടെ ഇവർക്കു വഴിയൊരുക്കി നൽകിയത്. ഇതിനായി ഒട്ടേറെ കുടുംബങ്ങൾ തങ്ങളുടെ സ്ഥലവും വിട്ടുനൽകി. എന്നാൽ പിന്നാലെ വഴിയുടെ മധ്യഭാഗത്തായി വൈദ്യുത പോസ്റ്റുകൾ ഇട്ടതോടെ ഒരു കിലോമീറ്റർ വരുന്ന റോഡിന്റെ അവസ്ഥ ദാരുണമായിത്തീർന്നു. ഓട്ടോറിക്ഷ പോലും കടന്നു പോകില്ല. നാട്ടുകാർക്ക് റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കണമെങ്കിൽ പോസ്റ്റിന്റെ ഇരുവശത്ത് കൂടെ പോകണം. ഇരു ചക്ര വാഹനമല്ലാത്ത വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയാത്ത അവസ്ഥ.
വൈദ്യുത പോസ്റ്റുകൾ എടുത്തുനീക്കാൻ 2 വർഷം മുമ്പ് വൈദ്യുത മന്ത്രിയായിരുന്ന എം എം മണി ഉത്തരവിറക്കിയിട്ട് പോലും നടപടിയുണ്ടായില്ല.
രോഗികളെ സ്ട്രച്ചറിലും ചുമടായും താങ്ങിയെടുത്തു വേണം റോഡിൽ എത്തിക്കാനെന്നാണ് സമീപ വാസികൾ പറയുന്നത്. ആംബുലൻസ് കടന്നുപോവാൻ വഴിയില്ലാത്തതിനാൽ മൃതദേഹം ചുമന്ന് മുക്കാൽ കിലോ മീറ്ററോളം നടന്ന അനുഭവം ഇവർക്കുണ്ട്. അടിയന്തിര നടപടി ഇനിയെങ്കിലും ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം. വർഷങ്ങളായി പോസ്റ്റ് മാറ്റണമെന്ന ആവശ്യവുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ് പൊലീസ്. എന്നാൽ വൈദ്യുത പോസ്റ്റ് മാറ്റാൻ നടപടി തുടങ്ങിയെന്നാണ് മരുത റോഡ് പഞ്ചായത്തിന്റെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam