
കൊല്ലം: ചിറ്റുമലയിൽ മുഖ്യമന്ത്രിയുടെ യുവ സംരംഭക വായ്പ പ്രകാരം 65 ലക്ഷം രൂപ വായ്പയെടുത്ത് ഇന്റർലോക്ക് സിമന്റ് കട്ട യൂണിറ്റ് നിർമ്മിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാതെ വലഞ്ഞ് യുവ സംരംഭകൻ. ഒരു സ്ഥലം ഉടമയുടെ കൂടി അനുമതി വേണമെന്ന് പറഞ്ഞ് തടസ്സം ഉന്നയിക്കുകയാണ് കെഎസ്ഇബി.
കഴിഞ്ഞ വർഷം ജനുവരിയിൽ നിർമ്മാണം തുടങ്ങി. ജൂലൈയിൽ പൂർത്തിയായി. സ്ഥാപനത്തിന് അടുത്ത് വരെ പോസ്റ്റുമുണ്ട്. പക്ഷേ പ്രവർത്തിപ്പിക്കാൻ വേണ്ട ത്രീ ഫേസ് കണക്ഷൻ കെഎസ്ഇബി നൽകുന്നില്ല. തെറ്റിദ്ധരിപ്പിച്ച് ഒരു ഭൂവുടമയുടെ അനുമതിയില്ലാതെയാണ് കണക്ഷൻ വലിച്ചതെന്നാണ് ഈസ്റ്റ് കല്ലട കെഎസ്ഇബി സെക്ഷന്റെ വിശദീകരണം. എതിർപ്പ് അറിയിച്ച വ്യക്തിയുടെ സ്ഥലത്ത് കൂടി ലൈൻ കടന്നുപോകുന്നില്ലെന്നാണ് സഞ്ജയുടെ മറുപടി.
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് 65 ലക്ഷം രൂപ വായ്പയെടുത്തതാണ്. 60,000 രൂപ വച്ച് മാസം തിരിച്ചടവും തുടങ്ങി. പരാതികളേറെ നൽകിയിട്ടും നടപടിയില്ല. സഞ്ജയുടെ അമ്മയ്ക്ക് അനന്തരാവകാശമായി കിട്ടിയ 40 സെന്റ് സ്ഥലം മകന്റെ പേരിലേക്ക് മാറ്റിയാണ് സിമന്റ് കട്ട യൂണിറ്റ് നിർമ്മിച്ചത്. കെഎസ്ഇബിയുടെ തടസം കാരണം യന്ത്ര സാമഗ്രികൾ തുരുമ്പെടുത്തു തുടങ്ങി.