
തിരുവനന്തപുരം: സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ. ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നൽകിയ റിപ്പോർട്ടുകൾ ആരാണ് മുക്കിയതെന്നും കെഎസ്ഇബി മുൻ ചെയർമാൻ എം ജി രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ അടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്നും ഫെഡറേഷൻ ചോദിച്ചു.
ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നൽകിയ റിപ്പോർട്ടുകൾ ആരാണ് മുക്കിയത്? രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ അടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ? ജിഎൻഎ പീക്ക് അവറിൽ കൂടുതൽ വൈദ്യുതി നൽകുമെന്ന വാദത്തിന് അടിസ്ഥാനമെന്ത്? കെഎസ്ഇബിയോ റെഗുലേറ്ററി കമ്മീഷനോ നൽകാത്ത കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി? യൂണിറ്റിന് 8.63 രൂപ നിശ്ചയിച്ചത് ഏത് സംവിധാനത്തിന്‍റെ അടിസ്ഥാനത്തിൽ? ടെൻഡർ വിളിക്കാതെയോ കമ്മീഷൻ അംഗീകരിക്കാതെയോ എങ്ങനെ വില നിർണയിച്ചു? അധിക വൈദ്യുതി വാങ്ങാൻ അമിത താത്പര്യം എന്തിന്? ജിഎൻഎയ്ക്ക് വൈദ്യുതി ഓഫറിന് അധികാരമുണ്ടോ? ജിഎൻഎ റെഗുലേറ്ററി കമ്മീഷൻ രേഖകൾ ദുരുപയോഗം ചെയ്തതിന് അന്വേഷണം നേരിടുന്ന കമ്പനിയാണെന്ന് അറിയാമോ? എന്നിവയാണ് മുഖ്യമന്ത്രിയോടുള്ള ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ്റെ ചോദ്യങ്ങൾ.
കെഎസ്ഇബിയുടെയും വൈദ്യുതി മന്ത്രിയുടെയും എതിർപ്പ് തള്ളി ടെൻഡർ ഇല്ലാതെ സ്വകാര്യ കമ്പനിയായ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ തീരുമാനത്തിലാണ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ രംഗത്തെത്തിയിരിക്കുന്നത്. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2230 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്ന് പറഞ്ഞ് സ്വകാര്യ കമ്പനിയുമായുള്ള ഇടപാടിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഹിമാചൽ സർക്കാർ യൂണിറ്റിന് 14.50 രൂപയ്ക്കും ജിഎൻഎ യൂണിറ്റിന് 8.63 രൂപയ്ക്കും വൈദ്യുതി നൽകാമെന്നാണ് സർക്കാരിനെ അറിയിച്ചതെന്നും തുക കുറവായതിനാൽ ജിഎൻഎയിൽ നിന്ന് വാങ്ങാനാണ് തീരുമാനിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. പീക്ക് അവറിൽ ഏറ്റവും കൂടുതൽ വൈദ്യുതി ലഭിക്കുന്നത് ജിഎൻഎയിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിർത്തതിനെ തുടർന്നാണ് ചെയർമാൻ സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയതെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ രാജമാണിക്യത്തിന്‍റെ സ്ഥലം മാറ്റത്തിന് ഇതുമായി യാതൊരു ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ, ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ അനുകൂലിച്ച വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, മുഖ്യമന്ത്രി വിശദീകരിച്ചതിന് പിന്നാലെ പ്രതികരണം നടത്താനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam