
തിരുവനന്തപുരം: രാജ്യത്തിന്റെ പ്രയാണത്തിന് ഏറെ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന പുതിയൊരു കണ്ടുപിടുത്തവുമായി കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ (Tapioca) ഗവേഷണ കേന്ദ്രം (സി.ടി.സി.ആര്‍.ഐ.). ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചുകൊണ്ട് രാജ്യത്തെ ശാസ്ത്രഗവേഷണ രംഗത്തെ മുന്‍നിരയിലുള്ള ഈ സ്ഥാപനം പരീക്ഷണ വിജയം കൈവരിച്ചിരിക്കുന്നത്.
കേന്ദ്ര ഗവണ്‍മെന്റിന്റെ ആണവോര്‍ജ വകുപ്പിന്റെ സാമ്പത്തിക പിന്തുണയുള്ള പദ്ധതിക്ക് കീഴിലാണ് സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. സിഎ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമം ഫലം കണ്ടിരിക്കുന്നത്. ഈ പുതിയ കണ്ടുപിടിത്തം പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ചുവടുവയ്പ്പിന് പുതു ഊര്‍ജ്ജം പകരും. ഏക ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെ നേതൃത്വത്തില്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് എത്തിയ ഒരു സംഘം പത്രപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പദ്ധതി പ്രദര്‍ശിപ്പിക്കപ്പെട്ടു.
മരിച്ചീനി വിളവെടുക്കുമ്പോള്‍ ഒടിച്ചു കളയുന്ന തണ്ടുകളിലും ഇലകളിലും നിന്ന് ജൈവ കീടനാശിനിക്കു ഉതകുന്ന രാസവസ്തുക്കള്‍ വേര്‍തിരിക്കുന്ന ഗവേഷണമാണ് വൈദ്യുതി ഉല്‍പ്പാദനത്തിലും കൂടി എത്തിച്ചത്. സാധാരണ ഗതിയില്‍ മരച്ചീനിയില്‍ നിന്ന് വാതകം ഉല്‍പ്പാദിപ്പിക്കുക അത്ര എളുപ്പമല്ല. ചെടികളില്‍ നിന്നുള്ള മീഥേന്‍ ഉത്പാദനം ചിലവേറിയതുമാണ്. ഇലകളില്‍ സെല്ലുലോസ്, ഹെമി സെല്ലുലോസ് ലിഗ്‌നിന്‍ എന്നിവ കൂടിയതു കൊണ്ട് അവയില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കുക എളുപ്പമല്ല.
എന്നാല്‍ ഇവിടെ ആ കടമ്പയും തരണം ചെയ്തിരിയ്ക്കുന്നു. മരിച്ചീനി ഇലകളില്‍ നിന്ന് ജൈവ കീടനാശിനി തന്മാത്രകള്‍ യന്ത്രങ്ങളുപയോഗിച്ച് വേര്‍തിരിച്ചശേഷം ബാക്കിയുള്ളവയെ ബാക്ടീരിയയും അതുപോലുള്ള മറ്റ് ജീവനുള്ള വസ്തുക്കളും ഉപയോഗിച്ച് മീഥേന്‍ ഉല്‍പ്പാദിപ്പിച്ചു (മെത്തനോജനിസിസ്). അതിനുശേഷം അനാവശ്യ വാതകങ്ങള്‍ മാറ്റിയശേഷം വാതക മിശ്രിതത്തില്‍ നിന്ന് ശുദ്ധമായ മിഥേന്‍ വേര്‍തിരിച്ചെടുത്തു. ഈ മിഥേനില്‍ നിന്നാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. പ്രതീക്ഷിച്ച രീതിയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.
മരച്ചീനിയില്‍ (കസവ) വൈദ്യുതി ഉല്പാദിച്ചതു കൊണ്ട് ഇതിനെ 'കസാ ദീപ് ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. തൃശൂര്‍ സ്വദേശി ഫ്രാന്‍സിസാണ് (പവര്‍ ഹോക്ക്) പരിഷ്‌കരിച്ചെടുത്ത ജനറേറ്ററിന്റെ സഹായത്തോടെയാണ് ഈ മീഥേനില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചത് . സാധാരണയായി ഒരു ഹെക്ടറില്‍ മരച്ചീനി വിളവെടുക്കുമ്പോള്‍ ഏതാണ്ട് 5 ടണ്ണോളം ഇലകളും തണ്ടുകളും പാഴായി കളയാറുണ്ട്. ഇതില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയാണ് ഈ പരീക്ഷണ വിജയത്തിലൂടെ കൈവന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam