കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; വനപാലകരെ തടഞ്ഞ് വച്ച് നാട്ടുകാരുടെ പ്രതിഷേധം

By Web TeamFirst Published Jun 16, 2021, 2:51 PM IST
Highlights

ആനകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത് പ്രദേശത്ത് പതിവാണ് .രക്ഷാ പ്രവര്‍ത്തനത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി ഇറങ്ങിയത്.

കൊച്ചി: എറണാകുളം കോതമംഗംലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ കാട്ടാന വീണു. പിണവൂര്‍കുടിയിലെ ഗോപാലകൃഷ്ണൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിൽ പുലര്‍ച്ചെയാണ് കാട്ടാന അകപ്പെട്ടത്. അലർച്ച കേട്ട് നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് വിവരം അറിയുന്നത്. ഇവിടുത്തെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടത്തിലൊന്ന് കാൽതെറ്റി വീണെന്നാണ് നാട്ടുകാർ അറിയിച്ചതിനെത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി.

 എന്നാൽ രക്ഷാ പ്രവര്‍ത്തനം തുടങ്ങുന്നതിനിടെ പ്രതിഷേധവുമായി പ്രദേശവാസികളെത്തി. കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. ആനശല്യം തടയാന്‍ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി.  നഷ്ടപരിഹാരം നല്‍കിയതിനുശേഷം മാത്രമെ ആനയെ കരയ്ക്ക് കയറ്റാന്‍ അനുവദിക്കൂ എന്നും ഇവര്‍ നിലാപാടെടുത്തു. 

ഒടുവില്‍ ഡിഎഫ്ഒ ഇടപെട്ട് നാട്ടുകാരെ ശാന്തമാക്കിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്.ഒടുവില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്‍റെ ഒരുഭാഗം ഇടിച്ചു നിരത്തി ആനയ്ക്ക് കര കയറാനുള്ള വഴിയൊരുക്കി. മണിക്കൂറുകളായി കിണറിനുള്ള നടത്തിയ പരാക്രമത്തിനൊടുവിൽ ആന ഒടുവിൽ കാട്ടിലേക്ക്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!