'ദേവസ്യാപ്പി ഞങ്ങളുടെ വളര്‍ത്തച്ഛനാണ്'; വീട്ടുജോലിക്കാരന്‍റെ മൃതദേഹം മാതാപിതാക്കളുടെ കല്ലറയിലടക്കി മക്കള്‍

By Web TeamFirst Published May 31, 2021, 8:01 PM IST
Highlights

മരണശേഷവും ദേവസ്യയെ  കളപ്പുരയ്ക്കൽ കുടുംബം കൈവിട്ടില്ല. തങ്ങളുടെ ദേവസ്യാപ്പിയെ അവര്‍ കുടുംബ കല്ലറയില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു.  ക്രിസ്ത്യൻ രീതി പ്രകാരം മാതാപിതാക്കളെയും മക്കളെയും ഒരു കല്ലറയിൽ അടക്കുമെങ്കിലും മറ്റുള്ളവരെ അടക്കാറില്ല. 

കണ്ണൂര്‍: വീട്ടുജോലിക്കാരന്‍റെ മൃതദേഹം സ്വന്തം മാതാപിതാക്കളുടെ കുടുംബക്കല്ലറയില്‍ സംസ്കരിച്ച്  മക്കള്‍. കണ്ണൂരിലെ ചെറുപുഴയിലാണ് തങ്ങളെ അച്ഛന്‍റെ കരുതലോടെ പരിചരിച്ച ദേവസ്യയെന്ന ജോലിക്കാരന് മരണത്തിന് ശേഷവും കുടുംബത്തോട് ചേര്‍ത്തു വച്ചത്. പുളിങ്ങോം രാജഗിരി സെയ്ന്റ് അഗസ്റ്റ്യൻ പള്ളിയിലെ കളപ്പുരയ്ക്കൽ കുടുംബാംഗങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ച ദേവസ്യയുടെ(71) മൃതദേഹം തങ്ങളുടെ കുടുംബ കല്ലറയില്‍ അടക്കം ചെയ്തത്.

നടുവിൽ സ്വദേശിയായ ദേവസ്യ നന്നെ ചെറുപ്പത്തിൽ കളപ്പുരയ്ക്കൽ  വീട്ടിൽ ജോലിക്ക് വന്നതായിരുന്നു. വീട്ടുകാരുടെ പ്രിയപ്പെട്ടവനായ ദേവസ്യ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ദേവസ്യാപ്പിയായി മാറി. ഏഴുവര്‍ഷം മുമ്പ് ത്രേസ്യാമ്മയും  രണ്ടു വര്‍ഷം മുമ്പ് മൈക്കിളും മരണപ്പെട്ടു. മരിക്കുന്നതിന് മുമ്പേ ദേവസ്യയെ നന്നായി നോക്കണണെന്ന് മൈക്കിള്‍ മക്കളോട് പറഞ്ഞേല്‍പ്പിച്ചിരുന്നു.  

മൈക്കിളിന്‍റെ മരണ ശേഷം  മക്കള്‍ തങ്ങളുടെ ദേവസ്യാപ്പിയെ എല്ലാ സൌകര്യം നല്‍കി പരിചരിച്ച് പോന്നു.  പിന്നീട് കരുവന്‍ചാലിലെ അഗതി മന്ദിരത്തേലേക്ക് ദേവസ്യയുടെ താമസം മാറ്റിയപ്പോഴും അവിടെ പ്രത്യേക മുറിയും സൌകര്യങ്ങളുമൊരുക്കി. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതോടെ ദേവസ്യ കണ്ണൂര്‍ തണല്‍ സ്നേഹവീട്ടിലേക്ക് താമസം മാറി. ഇവിടെ വച്ചാണ് കൊവിഡ് ബാധിതനാകുന്നത്.  പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ദേവസ്യ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.

മരണ ശേഷവും ദേവസ്യയെ  കളപ്പുരയ്ക്കൽ കുടുംബം കൈവിട്ടില്ല. തങ്ങളുടെ ദേവസ്യാപ്പിയെ അവര്‍ കുടുംബ കല്ലറയില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു.  ക്രിസ്ത്യൻ രീതി പ്രകാരം മാതാപിതാക്കളെയും മക്കളെയും ഒരു കല്ലറയിൽ അടക്കുമെങ്കിലും മറ്റുള്ളവരെ അടക്കാറില്ല. എന്നാല്‍ കളപ്പുരയ്ക്കൽ മൈക്കിളിന്റെയും ഭാര്യ ത്രേസ്യാമ്മയുടെയും  മക്കളായ ജോണി, മേഴ്‌സി, സോഫിയ, പൊന്നമ്മ, ഡെയ്‌സി, രാരിച്ചൻ, ഷാജി, ബെനോച്ചൻ, ബിനോയി, മിനിമോൾ എന്നിവർ ഒറ്റക്കെട്ടായി തങ്ങളുടെ കുടുംബാംഗം പോലെയായിരുന്ന ദേവസ്യയെ കുടുംബ കല്ലറയിൽ സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!