
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‍ന സുരേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും. ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും നോട്ടീസ് നല്‍കി. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്ന് നിയമോപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
'മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി മുക്കി', കസ്റ്റംസിനെതിരെ ആർഎസ്എസ് വാരികയിൽ ലേഖനം
സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസിനെതിരെ ഗുരുതര ആരോപണവുമായി ആർഎസ്എസ് വാരികയിൽ ലേഖനം. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി കസ്റ്റംസിലെ ഇടത് സാഹയാത്രികർ മുക്കിയെന്നാണ് കേസരിയിലെ കുറ്റപ്പെടുത്തൽ. സംസ്ഥാന ബിജെപി നേതൃത്വം മാറ്റി നിർത്തിയ മുൻ വക്താവ് പി.ആർ ശിവശങ്കറിൻറെ കവർസ്റ്റോറിയിലാണ് വിമർശനമെന്നതും പ്രധാനമാണ്.
സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്നസുരേഷിൻറെ വെളിപ്പെടുത്തലിൽ ദേശീയ അന്വേഷണ ഏജൻസികൾ എന്ത് ചെയ്തുവെന്നാണ് പ്രതിപക്ഷം ആവർത്തിക്കുന്ന പ്രധാന ചോദ്യം. രണ്ടാം സ്വർണ്ണക്കടത്ത് വിവാദത്തിലും സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്ത് തീർപ്പുണ്ടായെന്ന പ്രതിപക്ഷ ആരോപണം മുറുകുമ്പോഴാണ് ആർഎസ്എസ് വാരിക കംസ്റ്റസിനെതിരെ രംഗത്തുവന്നത്.
'മാരീചൻ വെറുമൊരു മാനല്ലെന്ന' ശിവശങ്കറിൻറെ കവർസ്റ്റോറി കസ്റ്റംസിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആരോപണമാണ്. 'ബിരിയാണി നയതന്ത്ര' തെളിവുകൾ കസ്റ്റംസിലെ ഇടത് സഹയാത്രികർ നശിപ്പിക്കുകയോ മുക്കുകയോ ചെയ്തെന്നാണ് ലേഖനത്തിലെ പ്രധാന ആരോപണം. സ്വപ്നയുടെ ഇപ്പോഴത്തെ രഹസ്യമൊഴി കസ്റ്റംസിന് നേരത്തെ നൽകിയതാണ്. ഇഡി ആവശ്യപ്പെട്ടിട്ടും സ്വപ്നയുടെ രഹസ്യമൊഴി കസ്റ്റംസ് കൈമാറാത്തത് രഹസ്യമൊഴി മുക്കിയെന്ന ആരോപണം സാധൂകരിക്കുന്നതാണ്. ശിവശങ്കർ തന്റെ പുസ്തകത്തിൽ കസ്റ്റംസിനെ കുറഞ്ഞ രീതിയിൽ മാത്രം വിമർശിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞതും ലേഖനം ഉദാഹരണങ്ങളാക്കുന്നു.
സംസ്ഥാന സർക്കാർ ഇഡിക്കെതിരെ മാത്രമാണ് കടുപ്പിക്കുന്നതെന്ന ആരോപണവുണ്ട്. സ്വർണ്ണക്കടത്ത് വിവാദത്തിൽ സംസ്ഥാന ആർഎസ് സിനുള്ള അതൃപ്തി തന്നെയാണ് മുഖവാരികയിലെ മുഖലേഖനം. ബിജെപി സംസ്ഥാന നേതൃത്വം വക്താവ് സ്ഥാനത്തു നിന്നും പാർട്ടി പരിപാടികളിൽ നിന്നും ഒഴിവാക്കിയ പിആർ ശിവശങ്കറിനെ കൊണ്ട് കവർസ്റ്റോറി എഴുതിപ്പിച്ചതും പാർട്ടിക്കുള്ള കുത്ത് തന്നെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam