Popular Front : പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി പരിശോധന, പ്രതിഷേധം

By Web TeamFirst Published Dec 8, 2021, 12:34 PM IST
Highlights

പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിൽ രാവിലെയെത്തിയാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥർ, പരിശോധന നടത്തിയത്. ഈ സമയത്ത് വീട്ടിൽ അഷ്റഫ് ഉണ്ടായിരുന്നില്ല. പരിശോധനക്ക് കാരണം എന്താണാണെന്ന് ഇഡി സംഘം വ്യക്തമാക്കിയിട്ടില്ല. 

മൂവാറ്റുപുഴ/ മലപ്പുറം: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട്  (Popular Front of India) നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (Enforcement Directorate) റെയ്ഡ് (Raid). മലപ്പുറത്തെയും (Malappuram) മൂവാറ്റുപുഴയിലെയും (Muvattupuzha) പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്. 

പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിൽ രാവിലെയെത്തിയാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥർ, പരിശോധന നടത്തിയത്.  ഈ സമയത്ത് വീട്ടിൽ അഷ്റഫ് ഉണ്ടായിരുന്നില്ല. പരിശോധനക്ക് കാരണം എന്താണാണെന്ന് ഇഡി സംഘം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഏജൻസിയുടെ പരിശോധനക്ക് എതിരെ സ്ഥലത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. മൂവാറ്റുപുഴ ടൗണിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ മാർച്ച് നടത്തി. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കടുത്ത പൊലീസ് വലയത്തിലാണ് പരിശോധന കഴിഞ്ഞു ഇ ഡി ഉദ്യോഗസ്ഥർ മടങ്ങിയത്. 

മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രദേശിക നേതാവിന്റെ വീട്ടിലാണ് പരിശോധന നടന്നത്. 
പെരുമ്പടപ്പ് വെസ്റ്റ് പ്രസിഡണ്ട് റസാഖിന്റെ വീട്ടിൽ രാവിലെയെത്തിയ അന്വേഷണ സംഘം പരിശോധന പൂർത്തിയാക്കി. ഇഡി പരിശോധനക്ക് എതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വീടിന് മുന്നിൽ പ്രതിഷേധിച്ചു. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. 

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്  കേന്ദ്രം പകപോക്കുന്നു: പോപ്പുലർ ഫ്രണ്ട്

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനയ്ക്ക് എതിരെ പോപ്പുലർ ഫ്രണ്ട്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പകപോക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട് കുറ്റപ്പെടുത്തി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടേയും പ്രവർത്തകരുടേയും വീടുകളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് പ്രതിഷേധാർഹമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു.

''കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ര സർക്കാർ ജനകീയ മുന്നേറ്റത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനയെ ലക്ഷ്യമിടുന്നതെന്നും പോപ്പുലർ ഫ്രണ്ട് കുറ്റപ്പെടുത്തി. റെയ്ഡ് നടത്തി ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമങ്ങൾക്ക് പോപുലർ ഫ്രണ്ട് വഴങ്ങില്ല. ഇത്തരം നീക്കങ്ങളെ ജനകീയമായും ജനാധിപത്യപരമായും നിയമപരമായും നേരിടും. 

കള്ളപ്പണത്തിന്റെയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും ഉറവിടം സംഘപരിവാർ കേന്ദ്രങ്ങൾ ആണെന്നിരിക്കെയാണ് അത് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെയാണ് പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നത്.'' രാഷ്ട്രീയ എതിരാളികള്‍ക്കും സര്‍ക്കാരിനോട് വിയോജിക്കുന്നവര്‍ക്കും നേരെ കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യസ്വഭാവത്തിന് മറ്റൊരു തെളിവ് കൂടിയാണിതെന്നും അബ്ദുൽ സത്താർ പറഞ്ഞു.


 

click me!