
തിരുവനന്തപുരം: ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. ബിനീഷിന്‍റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തി. ബിനീഷിന്‍റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്. പരിശോധനയ്ക്കായി ഇന്നലെയാണ് രാവിലെയാണ് മുരുകുമ്പുഴയിലെ ബിനീഷിന്‍റെ കോടിയേരി എന്ന വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്.
ബിനിഷിന്‍റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടില്‍ ഉള്ളത്. വീടിന് മുന്നിലെത്തിയ ബന്ധുക്കൾ ബിനീഷിന്‍റെ ഭാര്യക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തു വിട്ടു. ബന്ധുക്കളെ വീട്ടില്‍ കടക്കുന്നതിന് നിന്ന് തടഞ്ഞു. പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാൻ ആവശ്യപ്പെട്ടു. എന്നാല്‍, ബിനീഷിന്‍റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ഗേറ്റിന് മുന്നിൽ ബന്ധുക്കൾ കുത്തിയിരിക്കുകയാണ്. അതേസമയം, വീടിന് ഉള്ളില്‍ ഉള്ളവര്‍ മറ്റുള്ളവരെ കാണാന്‍ താല്‍പര്യം ഇല്ലെന്ന് അറിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തുകയാണ്.
അനൂപ് മുഹമ്മദിൻ്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിൻ്റെ കുടുംബം ആരോപിക്കുന്നു. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. രാത്രി 11 30 ഓടെ അസ്വ മുരുകുമ്പുഴ വിജയകുമാർ ഇ ഡിക്കെതിരെ രംഗത്തെത്തി. പ്രതിയല്ലാതിരുന്നിട്ടും ബിനീഷിൻ്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചു. ഇന്ന് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തുടർച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യൽ. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ കേരളത്തിലെ ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ബിനീഷിന്റെ ബിനാമികൾ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതിൽ ചിലർ ഇന്ന് ഹാജരാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam