മഹസറില്‍ ഒപ്പിടാൻ തയ്യാറാകാതെ ബിനീഷിന്‍റെ ഭാര്യ; ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുന്നു

By Web TeamFirst Published Nov 5, 2020, 7:28 AM IST
Highlights

പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസർ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്. 

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുന്നു. പരിശോധനയ്ക്കായി ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍  ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്.

അനൂപ് മുഹമ്മദിൻ്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിൻ്റെ കുടുംബം ആരോപിക്കുന്നു. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. രാത്രി 11 30 ഓടെ അസ്വ മുരുകുമ്പുഴ വിജയകുമാർ ഇ ഡിക്കെതിരെ രംഗത്തെത്തി. പ്രതിയല്ലാതിരുന്നിട്ടും ബിനീഷിൻ്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചു. ഇന്ന് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

അതേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തുടർച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യൽ. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ കേരളത്തിലെ ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ബിനീഷിന്റെ ബിനാമികൾ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതിൽ ചിലർ ഇന്ന് ഹാജരാകും.

click me!