ഫെയ്സ്ബുക്ക് ലൈവിൽ വന്ന ശേഷം ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ കമ്പനിയിലെ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു

By Web TeamFirst Published Jan 9, 2021, 5:32 PM IST
Highlights

ഫെയ്സ്ബുക്കിൽ തത്സമയം വന്ന ശേഷമാണ് അരുൺ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സുഹൃത്തുക്കൾ വീട്ടുകാരെ അറിയിച്ച് രക്ഷപ്പെടുത്തുകയായിരുന്നു

തിരുവനന്തപുരം: പ്രവർത്തനം അവസാനിപ്പിച്ച ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ കമ്പനിയിലെ ഒരു തൊഴിലാളികൂടി ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശി അരുണാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഫെയ്സ് ബുക്ക് ലൈവിൽ വന്ന് മാനേജ്മെന്റിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ലൈവ് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ അറിയിച്ചത് അനുസരിച്ച് വീട്ടുകാർ അരുണിനെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മാനേജ്മെന്റാണ് തന്നെ കൊന്നത്, മറ്റ് തൊഴിലാളികൾക്ക് വേണ്ടിയാണ് താൻ മരിക്കുന്നതെന്നും ഫെയ്സ്ബുക്ക് ലൈവിൽ അരുൺ പറഞ്ഞു.

ഇയാൾ 16 വർഷമായി ഇംഗ്ലീഷ് ഇന്ത്യ ഫാക്ടറി തൊഴിലാളിയാണ്. നേരത്തെ കമ്പനിക്കകത്ത് മരിച്ച നിലയിൽ പ്രഫുല്ല കുമാർ എന്ന തൊഴിലാളിയെ കണ്ടെത്തിയിരുന്നു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി രംഗത്ത് വന്നിരുന്നു. പ്രഫുല്ല കുമാറിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മഹേശ്വരി പറഞ്ഞു. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50)  കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാസങ്ങളായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്. പ്രഫുല്ല ചന്ദ്രൻ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. സുരക്ഷാ സംവിധാനമുളള കമ്പനിക്കുള്ളിൽ തൊഴിലാളിക്ക് രാത്രി കയറാനാവില്ല. ഫാക്ടറിയിൽ ഉപകരണങ്ങൾ കമ്പനി അധികൃതർ കടത്തിയത് തൊഴിലാളി കണ്ടിരിക്കാം. ഇത് കണ്ട പ്രഫുല്ലചന്ദ്രനെ ആരോ അപകടപ്പെടുത്തിയെന്നും ഐഎൻടിയുസി ആരോപിക്കുന്നു. സംഭവം വൻ വിവാദമായിരിക്കെയാണ് അരുണിന്റെ ആത്മഹത്യാശ്രമം.

click me!