'എന്‍റെ ഭൂമി' പദ്ധതിക്ക് തുടക്കമായി; ഭൂ രേഖകള്‍ ഇനി ഡിജിറ്റല്‍

Published : Oct 13, 2022, 12:29 PM IST
 'എന്‍റെ ഭൂമി' പദ്ധതിക്ക് തുടക്കമായി; ഭൂ രേഖകള്‍ ഇനി ഡിജിറ്റല്‍

Synopsis

നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഭൂമി ശാസ്ത്രീയമായി അളന്ന് ഭൂരേഖകൾ ഡിജിറ്റലായി സൂക്ഷിക്കാനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.


തിരുവനന്തപുരം: ഒരു വിരല്‍ത്തുമ്പില്‍ ഭൂ രേഖകള്‍ ലഭ്യമാക്കുന്ന 'എന്‍റെ ഭൂമി' പദ്ധതിക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി ഗ്രാമസഭയുടെ പകര്‍പ്പായ ആദ്യ 'സര്‍വേ സഭ' തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ വെയ്‍ലൂര്‍ വാര്‍ഡില്‍ യോഗം ചേര്‍ന്നു. തോന്നിക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. 

ശാസ്ത്രീയമായ ഡിജിറ്റല്‍ സര്‍വേയിലൂടെ നാല് വര്‍ഷം കൊണ്ട് ഭൂരേഖകള്‍ തയ്യാറാക്കി അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ രാജന്‍ അധ്യക്ഷനായിരുന്നു. തദ്ദേശ ഭരണ വകുപ്പിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന സര്‍വേ സഭകള്‍ ആദ്യ ഘട്ടത്തില്‍ 200 വില്ലേജുകളിൽ സര്‍വേ നടക്കും.  ഡിജിറ്റല്‍ സര്‍വേ നടപടികള്‍ വിശദീകരിക്കുന്നതിനും ഭൂഉടമസ്ഥരുടെ സംശയങ്ങള്‍ മാറ്റുന്നതിനുമായി 400 ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയതായും ഡിജിറ്റല്‍ സര്‍വേ ഇനിയും തുടങ്ങിയിട്ടില്ലാത്ത 1550 വില്ലേജുകളിലും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. 

'എല്ലാവര്‍ക്കും ഭൂമി' എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്'  എന്ന ആശയം മുൻനിര്‍ത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.  നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഭൂമി ശാസ്ത്രീയമായി അളന്ന് ഭൂരേഖകൾ ഡിജിറ്റലായി സൂക്ഷിക്കും. ഇത്തരത്തിൽ സംസ്ഥാനത്ത് ആകെയുള്ള 1,666 വില്ലേജുകളിൽ  1,550 ഇടത്ത് നാല് വര്‍ഷത്തിനകം സര്‍വെ പൂര്‍ത്തിയാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. 'എന്‍റെ ഭൂമി'യെന്ന് പേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പദ്ധതിയെ ആര്‍കെഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 807 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 

ഒരു വില്ലേജിൽ ആറ് മാസത്തിനുള്ളില്‍ നടപടികൾ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍വേ സഭകൾക്ക് ക്ലാസെടുക്കാൻ ഒരു വില്ലേജിൽ രണ്ട് ഉദ്യോഗസ്ഥരടക്കം 400 പേര്‍ക്കാണ് പരിശീലനം നൽകുന്നത്. ഡിജിറ്റൽ സർവ്വേ നടപ്പിലാക്കുന്നതിന് വേണ്ടി വകുപ്പിലെ ജീവനക്കാര്‍ക്ക് പുറമേ സാങ്കേതിക പരിജ്ഞാനമുള്ള 1,500 സർവേയർമാരെയും 3,200 സഹായികളെയും താൽക്കാലികമായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌ മുഖാന്തിരം നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 

റവന്യു, രജിസ്ട്രേഷൻ, സർവെ എന്നീ വകുപ്പുകളിലെ ലാന്‍ഡ്‌ റെക്കോര്‍ഡ്‌സ് സംബന്ധമായ സേവനങ്ങൾ ഒരു ഏകജാലക സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ എന്‍റെ ഭൂമി പദ്ധതിയിലൂടെ കഴിയുന്നു. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും അങ്ങനെ ഉപഭോക്ത്യസേവനം ജനപ്രിയമാക്കാനും സാധിക്കുന്നു. ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താന്‍ കഴിയും. അപേക്ഷകൾ ഓൺലൈനായി കൊടുക്കുവാനും ഓൺലൈനായി തന്നെ അത് പരിഹരിക്കപ്പെടാനും കഴിയും. പദ്ധതി വഴി ഭൂമി സംബന്ധമായ സേവനങ്ങള്‍ക്ക് പല ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ സാധിക്കുന്നു. 

കൂടുതല്‍ വായനയ്ക്ക്: സംസ്ഥാനത്ത് ഭൂരേഖകൾ ഡിജിറ്റലാകുന്നു; സര്‍വെ സഭകൾ സംഘടിപ്പിക്കാൻ റവന്യു വകുപ്പ്
 

 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം