
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഈ മാസം എട്ടുവരെയാണ് സൗജന്യ പ്രവേശനം. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ എട്ടാം തീയ്യതി കോഴിക്കോട് നടക്കും. വന്യജീവി വാരാഘോഷം 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലായിരുന്നു. ഇന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതോടൊപ്പം സംസ്ഥാന - ജില്ലാ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, തൃശൂരിലെ പാർക്കിൽ നിന്നും പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പക്ഷിമൃഗാദികളെ മാറ്റാൻ തുടങ്ങി. ഒന്നാം ഘട്ടത്തില്‍ പക്ഷികളെ മാറ്റാനുള്ള നടപടികളാണ് ആരംഭിച്ചത്. ദേശീയ പക്ഷിയായ മയിലിനെയാണ് മാറ്റിയത്. തുടര്‍ന്ന് വിവിധ ഇനത്തില്‍പ്പെട്ട തത്തകള്‍, ജലപക്ഷികള്‍ തുടങ്ങിയവയടക്കം കുറച്ച് പക്ഷികളെ കൊണ്ടുവന്ന് പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങുന്നത് സംബന്ധിച്ച നിരീക്ഷണങ്ങള്‍ നടത്തും. അതിനുശേഷമാണ് കൂടുതല്‍ പക്ഷികളെ ഇങ്ങോട്ട് മാറ്റുക. ബോണറ്റ് ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ ഒരു ബാച്ചിനെയും നെയ്യാര്‍ ഡാമില്‍ നിന്നുള്ള ചീങ്കണ്ണികളെയും കൊണ്ടുവരും.
നവംബര്‍ തുടക്കത്തില്‍ തന്നെ മാനുകളെ മാറ്റുന്ന നടപടികള്‍ തുടങ്ങും. മാറ്റുന്ന പക്ഷികളും മൃഗങ്ങളും പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങിച്ചേരുന്നതിനൊപ്പം ജീവനക്കാരുടെ മൃഗസംരക്ഷണം സംബന്ധിച്ച പരിശീലന നിലവാരവും വിലയിരുത്തും. തൃശൂരില്‍ നിന്നും മ്യഗങ്ങളെ മാറ്റാന്‍ ആറു മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാല് മാസത്തിനുള്ളില്‍ തന്നെ മൃഗങ്ങളെ മാറ്റുന്ന നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
https://www.youtube.com/watch?v=1rWjHhU1Cqk
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam