
തിരുവനന്തപുരം: റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ വിശദീകരിച്ച് ഇ പി ജയരാജന്‍. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. കണ്ണൂരിൽ ആയുർവേദ റിസോർട്ടുമായി ഇ പിക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി വേണമെന്നും പി ജയരാജൻ ആവശപ്പെട്ടത് കഴിഞ്ഞ സംസ്ഥാന സമിതിയിലാണ്. വൻ വിവാദമായപ്പോൾ ഇടവേളക്ക് ശേഷം ഇ പി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.
ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. മനപ്പൂര്‍വ്വം വേട്ടയാടുന്നെന്നും ഇ പി ആരോപിച്ചു. സംസ്ഥാന സമിതിയിലുയർന്ന ആക്ഷേപത്തിന് അവിടെ തന്നെ മറുപടി നൽകാനായിരുന്നു സെക്രട്ടേറിയറ്റ് നിർദ്ദേശം. സംസ്ഥാന സമിതിയിൽ പൊട്ടിത്തെറിച്ചും വികാരാധീനനായും ഇ പി മുൻ നിലപാട് വ്യക്തമാക്കി. വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ പൊതുപ്രവർത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഇ പിയുടെ മുന്നറിയിപ്പ്. വിവാദം സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം.
പിബി അംഗങ്ങളുൾപ്പെട്ട രണ്ടംഗ സമിതി വരും. തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. വാർത്ത ചോർന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണമുണ്ടെന്നാണ് വിവരം. പരാതി ഉന്നയിച്ചപ്പോൾ എഴുതി നൽകിയാൽ അന്വേഷിക്കാമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പി ജയരാജനോട് പറഞ്ഞിരുന്നത്. രണ്ട് മാസമായിട്ടും ഇതിന് പി ജയരാജൻ തയ്യാറായിട്ടില്ല. ഈ ഘട്ടത്തില്‍ ഗൂഢാലോചന കൂടി അന്വേഷിക്കാൻ പാർട്ടി തീരുമാനിച്ചാൽ അത് പി ജയരാജനും കെണിയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam