
കണ്ണൂർ: ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നിയമസഭയിലെ പരാമർശത്തെ പരിഹസിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ദല്ലാൾ നന്ദകുമാറിന്‍റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാനെന്നാണ് ഇ പിയുടെ പരിഹാസം. തനിക്ക് നന്ദകുമാറുമായി ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവിനാണ് ബന്ധമെന്നും ഇ പി കൂട്ടിച്ചേർത്തു. സി പി എം സംസ്ഥാന സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ, നന്ദകുമാറിന്‍റെ വീട്ടിൽ പോയെന്നായിരുന്നു സതീശൻ രാവിലെ പറഞ്ഞത്. ഈ വിമര്‍ശനത്തെയാണ് ഇ പി പരിഹസിച്ച് തള്ളിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് വിട്ടു നിന്ന എൽ ഡി എഫ് കൺവീനർ കൂടിയായ കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ കൊച്ചിയില്‍ ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തത്. ഇത് മുൻനിർത്തിയാണ് സതീശൻ ഇന്ന് നിയമസഭയിൽ ഇ പിയെ വിമർശിച്ചത്.
അതിനിടെ നിയമസഭയിൽ സോളാർ വിഷയത്തിലെ അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ചും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിലെത്താത്തത് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണെന്നും വിമർശിച്ച് മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു. സോളാർ വിഷയത്തിൽ നിയമസഭയിൽ നടന്ന ചർച്ച പ്രതിപക്ഷത്തിന് ബൂമറാംഗായെന്നും പ്രതിപക്ഷം അക്ഷരാർത്ഥത്തിൽ പകച്ചു പോയെന്നുമാണ് രാജേഷ് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്‍റെ പുതിയ അധ്യായം ഇന്ന് തുറന്നെന്നാണ് ചെന്നിത്തലയുടെ അസാന്നിധ്യം ചൂണ്ടികാട്ടി മന്ത്രി പറഞ്ഞത്. രമേശ് ചെന്നിത്തല എന്തുകൊണ്ട് സഭയിൽ വന്നില്ലെന്ന് ചോദിച്ച അദ്ദേഹം, കോൺഗ്രസിൽ അധികാരത്തർക്കത്തിന്റെ പുതിയ അധ്യായം തുറന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം