പ്രൈവറ്റ് സെക്രട്ടറി പ്രകാശൻ മാസ്റ്ററെ മാറ്റിയെന്ന വാർത്ത നിഷേധിച്ച് മന്ത്രി ഇ.പി.ജയരാജൻ

By Web TeamFirst Published Jan 4, 2021, 3:58 PM IST
Highlights

വകുപ്പിലെ പല നടപടികളിലും പ്രൈവറ്റ് സെക്രട്ടറിയുടെ നിലപാടുകൾ മന്ത്രിയെയും ചൊടിപ്പിച്ചിരുന്നു. ഒടുവിലാണ് കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ പ്രകാശൻ മാസ്റ്ററെ മാറ്റുന്നത്. 

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും സീനിയർ സിപിഎം നേതാവ് പ്രകാശൻ മാസ്റ്ററെ നീക്കും. മന്ത്രിയുമായി അഭിപ്രായഭിന്നതകൾ നിലനിൽക്കെയാണ് കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റ് അംഗത്തെ വകുപ്പിൽ നിന്നും മാറ്റുന്നത്. കണ്ണൂർ ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനാണ് മാറ്റമെന്നാണ് നേതാക്കളുടെ വിശദീകരണം.

മന്ത്രിമാരുടെ പ്രൈവറ്റ് സ്റ്റാഫിൽ പാർട്ടി നിയോഗിച്ച ഏറ്റവും മുതിർന്ന നേതാവിനെയാണ് നീക്കുന്നത്. വ്യവസായ വകുപ്പിൽ വിവാദങ്ങൾ നിറഞ്ഞതോടെയാണ് ഇ.പി.ജയരാജന്‍റെ രണ്ടാംവരവിൽ സിപിഎം നേതൃത്വം പ്രകാശൻ മാസ്റ്ററെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി തലസ്ഥാനത്ത് എത്തിച്ചത്. 

വകുപ്പിലെ പല നടപടികളിലും പ്രൈവറ്റ് സെക്രട്ടറിയുടെ നിലപാടുകൾ മന്ത്രിയെയും ചൊടിപ്പിച്ചിരുന്നു. ഒടുവിലാണ് കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ പ്രകാശൻ മാസ്റ്ററെ മാറ്റുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഈ തീരുമാനമെടുത്തത്.

കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ പ്രകാശൻ മാസ്റ്ററുടെ പ്രവർത്തനം ജില്ലാ നേതൃത്വത്തിന് ആവശ്യമുണ്ടെന്നാണ് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്ന സൂചനകളും സജീവമാണ്. അതേ സമയം വാർത്ത മന്ത്രി ഇ.പി.ജയരാജൻ നിഷേധിച്ചു. അത്തരമൊരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രകാശൻ മാസ്റ്ററെ മാറ്റിയെന്ന വാർത്ത പ്രതികരണം അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിൽ ഇതിന് മുമ്പ് വ്യവസായ മന്ത്രിയുടെ രണ്ട്  സ്റ്റാഫ് അംഗങ്ങളെ നീക്കിയതും വിവാദമായിരുന്നു.

click me!