
കണ്ണൂർ: ഇടതുപക്ഷത്തെ കേരളത്തിൽ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ടെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സഹകരണ മേഖലയിലെ ഇ ഡി ഇടപെടലിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ഒരു സഹകരണ സംഘം തെറ്റ് ചെയ്താൽ അത് അവിടെ പരിഹരിക്കണം. സഹകരണ മേഖലയെ കളങ്കപ്പെടുത്താൻ ആരെയും അനുവദിക്കരുത്. ആരെങ്കിലും ഒരാൾ ചെയ്യുന്ന തെറ്റിന് സഹകരണ മേഖലയാകെ വിലകൊടുക്കേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഒരു തെറ്റിനെയും ന്യായീകരിക്കാൻ ഇടതുപക്ഷക്കാർ സന്നദ്ധമല്ല. ഒരാൾ കൊലപാതകം നടത്തിയാൽ എല്ലാവരും കൊലപാതകികൾ ആകുമോയെന്ന് ചോദിച്ച ഇപി ജയരാജൻ കർണാടകയിലോ ആന്ധ്രയിലോ മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കളെ കീഴ്‌പ്പെടുത്തുന്നത് പോലെ കേരളത്തിലെ ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ടെന്നും പറഞ്ഞു.
പിന്നീട് മാധ്യമങ്ങളെ കണ്ട ഇപി പല ചോദ്യങ്ങളോടും പ്രതികരിച്ചു. മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി നയം തന്നെ മൂന്നാറിൽ നടപ്പാക്കും. എംഎം മണിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മണി ഇടുക്കിയിൽ തന്നെ ഉണ്ടല്ലോയെന്നും മണിക്ക് നേരിട്ട് തോന്നിയിട്ടുള്ള കാര്യങ്ങളാണ് പറയുന്നതെന്നും ഇപി പറഞ്ഞു. മണിയുടെ പ്രതികരണം പ്രശ്ന പരിഹാരത്തിനുള്ള സന്ദേശമാണ്. കൃഷിക്കാർക്കൊപ്പമാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്റെ തെണ്ടാൻ പോ പരാമർശം താൻ കേട്ടിട്ടില്ലെന്നും ദത്തേട്ടാ പറഞ്ഞത് കേട്ടില്ല, എന്താണ് അങ്ങനെ പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർക്ക് തന്നെ അദ്ദേഹത്തോട് ചോദിക്കാമായിരുന്നല്ലോ എന്നും ഇപി മറുപടി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam