മൊറാഴയിലെ റിസോർട്; മകൻ സ്ഥാപക ഡയറക്ടർ, ഇപി ജയരാജന്റെ വാദങ്ങൾ പൊളിയുന്നു

Published : Dec 25, 2022, 07:12 AM ISTUpdated : Dec 25, 2022, 07:29 AM IST
മൊറാഴയിലെ റിസോർട്; മകൻ സ്ഥാപക ഡയറക്ടർ, ഇപി ജയരാജന്റെ വാദങ്ങൾ പൊളിയുന്നു

Synopsis

ഇപി ജയരാജനെതിരായ പി ജയരാജന്‍റെ സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്

കണ്ണൂർ: മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇപി ജയരാജന്റെ വാദം പൊളിയുന്നു. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ ഇപി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണ്. കമ്പനി രജിസ്ട്രേഷൻ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഇപിയുടെ മകൻ പികെ ജെയ്സണും വ്യവസായി കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാവും.

ഇപി ജയരാജനെതിരായ പി ജയരാജന്‍റെ സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാര്‍ട്ടിയില്‍ ശുദ്ധീകരണ പ്രക്രിയ തുടങ്ങുകയാണെന്നാണ് പൊതു വിലയിരുത്തല്‍. ഉള്‍പാര്‍ട്ടി സമരത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ചര്‍ച്ചകളെന്ന പി ജയരാജന്‍റെ പരസ്യപ്രസ്താവന പലതിന്‍റെയും തുടക്കമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയിരുന്നു. എംവി ഗോവിന്ദന്‍ തന്നേക്കാള്‍ ജൂനിയറാണെന്നും അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞിരുന്നു. ഇത് പിണറായി വിജയനടക്കം നേതാക്കളെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് നേരത്തെ തന്നെ പല നേതാക്കള്‍ക്കും അറിയാമായിരുന്ന റിസോർട്ട് വിഷയം തെറ്റ്തിരുത്തല്‍രേഖാ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്ന് വന്നത്.

അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ഇത്തരം പരാതികള്‍ ഗൗരവമായി എടുക്കുമെന്ന വിശ്വാസം കൂടി ആരോപണത്തിന് പിന്നിലുണ്ട്. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ കലാപം കൂടി പി ജയരാജന്‍റെ മനസിലുണ്ട്. കണ്ണൂരിലെ അണികളുടെ പൂര്‍ണ പിന്തുണയുള്ള പി ജയരാജന്‍ പുതിയ നീക്കത്തിലൂടെ സംസ്ഥാന നേതൃത്വത്തിലേക്ക് കൂടൂതല്‍ അടുക്കുകയാണ്. എംവി ഗോവിന്ദന്‍റെ പിന്തുണ കിട്ടുന്നതിലൂടെ ഈ ചേരിയിലേക്ക് മറ്റ് പ്രമുഖര്‍ കൂടിയെത്താൻ സാധ്യതയുണ്ട്. ഉള്‍പാര്‍ട്ടി സമരം തുടരുമെന്ന പിജെയുടെ തുറന്ന് പറച്ചില്‍ പാര്‍ട്ടിയിലെ അഴിമതി വിരുദ്ധര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി