
കണ്ണൂർ: എഐ സാങ്കേതിക വിദ്യ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. എഐ മനുഷ്യന്‍റെ കഴിവാണ്. നിർമിത ബുദ്ധിയെ ജന താത്പര്യം സംരക്ഷിക്കാൻ ഉപയോഗിക്കണം. ഇടതുപക്ഷം ശാസ്ത്രത്തിന്‍റെ വളർച്ചയെ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്നു ഇ പി കണ്ണൂരില്‍ പറഞ്ഞു. അതേസമയം, നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം വ്യാപകമാകുന്നതോടെ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനോടനുബന്ധിച്ച് ഫ്യൂച്ചര്‍ ഓഫ് ടാലന്‍ന്‍റ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍, നിര്‍മ്മിത ബുദ്ധി വ്യാപകമാകുന്നത് തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ക്ക് ഇടയാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
സാങ്കേതികരംഗത്തെ മാറ്റങ്ങള്‍ എല്ലാ രംഗത്തും പരിവര്‍ത്തനത്തിനു കാരണമാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിസ്കോ ഏഷ്യാ പസിഫിക്, ജപ്പാന്‍, ചൈന മേഖല പ്രസിഡണ്ട് ഡേവ് വെസ്റ്റ് അഭിപ്രായപ്പെട്ടു. പ്രതിഭകള്‍ ഉണ്ടെങ്കില്‍ ഇന്ത്യയില്‍ നിര്‍ണായക മേഖലകളില്‍ വന്‍മുന്നേറ്റത്തിന് സാധ്യതകള്‍ ഉണ്ട്. സര്‍ക്കാരും സംഘടനകളും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം ബജറ്റിന്‍റെ 40 ശതമാനം വരെ നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ടു ചെലവഴിക്കേണ്ടി വരുമെന്നും ഡേവ് പറഞ്ഞു.
തൊഴില്‍ മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ ആഘാതം വലുതാകില്ലെന്ന് കോഗ്നിസെന്‍റ് ഇന്ത്യ സി എം ഡി രാജേഷ് വാര്യര്‍ അഭിപ്രായപ്പെട്ടു. 90 ശതമാനം തൊഴിലുകളെയും അതു പിന്തുണയ്ക്കും. വൈദുതി, കമ്പ്യൂട്ടര്‍ തുടങ്ങിയ മനുഷ്യജീവിതത്തെ സ്വാധീനിച്ച തരംഗങ്ങളിലൊന്നാണ് നിര്‍മ്മിത ബുദ്ധി. അത് ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിര്‍മ്മിത ബുദ്ധി ആരോഗ്യ മേഖലയിലും വന്‍മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ വിഷന്‍ ഹോസ്പിറ്റലിലെ ഡോ. ജോര്‍ജ് ചെറിയാന്‍ ചുണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണത്തിനു ചികിത്സയേക്കാള്‍ പ്രാധാന്യം ലഭിക്കും. നിര്‍മ്മിത ബുദ്ധി വഴി രോഗങ്ങള്‍ ജീനടിസ്ഥാനമാക്കി പ്രവചിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ലഭ്യമാകുമെന്നും ഡോ. ജോര്‍ജ് ചെറിയാന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം