ഏറ്റുമാനൂർ വിഗ്രഹമോഷണ കേസ്; പ്രതിയെ പിടികൂടാൻ സഹായിച്ച രമണിക്ക് 35 വർഷങ്ങൾക്ക് ശേഷം സ്വപ്നസാക്ഷാത്കാരം

By Web TeamFirst Published Sep 11, 2019, 11:42 PM IST
Highlights

1984 മെയ് 24നാണ് കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്കവിഗ്രഹം മോഷണം പോയത്. 

പാലാ: ഏറെ കോളിളക്കം സൃഷ്ടിച്ച ഏറ്റുമാനൂർ വിഗ്രഹമോഷണ കേസിലെ പ്രതിയെ പിടികൂടാൻ സഹായിച്ച രമണിക്ക് 35 വർഷത്തിന് ശേഷം ദേവസ്വം ബോർഡിന്റെ വക സ്നേഹസമ്മാനം. തിരുവോണനാളിൽ രമണിയുടെയും കുടുംബത്തിന്റെയും സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ദേവസ്വം ബോർഡ്.

1984 മെയ് 24നാണ് കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്കവിഗ്രഹം മോഷണം പോയത്. നാടരിച്ച് പെറുക്കിയിട്ടും പൊലീസിന് ഒരു തുമ്പും കിട്ടിയില്ല. ഒടുവിൽ അമ്പലക്കുളത്തിൽ നിന്ന് ഒരൂ ഉത്തരക്കടലാസ് കിട്ടി. കടലാസിലുള്ള പേരിലേക്ക് അന്വേഷണം നീണ്ടു. പാറശ്ശാല സ്വദേശിയായ ഏഴാം ക്ലാസുകാരി രമണിയെ തേടി പൊലീസ് എത്തി. മണ്ണെണ്ണ വാങ്ങാനായി രമണിയും അമ്മയും പേപ്പ‌ർ തൂക്കിവിറ്റ ഇരുമ്പകടക്കാരനിൽ നിന്ന് കള്ളനെ കുറിച്ചുള്ള സൂചന കിട്ടി. ഏറെ വട്ടം ചുറ്റിച്ച കേസിൽ പൊലീസിനെ സഹായിച്ച രമണിക്ക് പല വാഗ്ദാനും കിട്ടി. ഒന്നും നടപ്പായില്ല. പതിയെ രമണി വാർത്തകളിൽ നിന്ന് മറഞ്ഞു.

പാഴായി പോയ വാഗ്ദാനങ്ങൾക്ക് പകരം രമണി ചോദിച്ചത് അടച്ചുറപ്പുള്ള ഒരു വീട് മാത്രമായിരുന്നു. ശരണാശ്രയം പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് ദേവസ്വം ബോർഡ് രമണിക്ക് വീട് നിർമിച്ച് നൽകിയത്. ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് വീടിന്റെ താക്കോൽ കൈമാറിയത്.
 

click me!