
കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ജിന്നുമ്മ എന്ന ഷമീനയുടെ ജീവിതം കാസർകോട് കൂളിക്കുന്നിൽ ആഡംബരത്തോടെയായിരുന്നു . സാധാരണക്കാർ താമസിക്കുന്ന പ്രദേശത്തെ ഇവരുടെ പ്രവൃത്തികൾ നാട്ടുകാർക്ക് പോലും അജ്ഞാതവും. തികച്ചും ഗ്രാമീണ അന്തരീക്ഷമാണ് കൂളിക്കുന്നിന്. സാധാരണക്കാർ താമസിക്കുന്ന പ്രദേശം. ഷമീന ജനിച്ച് വളർന്നത് ഇവിടെയായിരുന്നു.
പാവപ്പെട്ട കുടുംബ പശ്ചാത്തലമായിരുന്നെങ്കിലും സാമ്പത്തിക ഉയർച്ച നേടിയത് വളരെ വേഗത്തിലാണ്. യുവതി ജിന്നുമ്മ ആയി മന്ത്രവാദവും ആഭിചാരവും ചെയ്യാൻ തുടങ്ങിയതോടെയാണ് പണം എത്താൻ തുടങ്ങിയത്. നാട്ടിൽ തന്നെ ആഡംബര വീടുണ്ടാക്കി. രണ്ട് കാറുകൾ വാങ്ങി. വീടിന് ഉയരമേറിയ മതിലുകളുണ്ട്. സദാസമയവും സിസിടിവി നിരീക്ഷണ സംവിധാനവും. ഈ മതിൽക്കെട്ടിനകത്ത് എന്ത് നടക്കുന്നുവെന്ന് നാട്ടുകാർക്ക് പോലും അറിയില്ല.
പലർക്കും ജിന്നുമ്മയെ കുറിച്ച് ചോദിക്കുമ്പോൾ പറയാൻ പേടിയാണ്. ചിലർക്ക് ആകെ അങ്കലാപ്പ്. സമ്പന്നരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ജിന്നുമ്മയുടെ പ്രവർത്തനം. ബാധയുണ്ടെന്നും ഒഴിപ്പിക്കണമെന്നും പറഞ്ഞ് ഭയപ്പെടുത്തൽ. ചിലപ്പോൾ മന്ത്രവാദത്തിലൂടെ സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന മോഹന വാഗ്ദാനം. ഏതായാലും തട്ടിപ്പിലൂടെ ഷമീനയുടെ കൈയിൽ വരുന്നത് ലക്ഷങ്ങളായിരുന്നു. സഹായികളായി സ്ത്രീകൾ അടങ്ങുന്ന സംഘമുണ്ട്. സമ്പന്നരെ ക്യാൻവാസ് ചെയ്യാൻ മാത്രമായി മറ്റൊരു സംഘവും പ്രവർത്തിച്ചു.
ഉപ്പും കടുകും കർപ്പൂരവും ഏലസും തകിടുമെല്ലാമായി മന്ത്രവാദം. 13 വയസുകാരി പാത്തുട്ടി ദേഹത്ത് കൂടിയതായി ഭാവിച്ച് ഉറഞ്ഞ് തുള്ളും. ഓരോ അഭിനയത്തിന് ശേഷവും കയ്യിലെത്തുന്ന തുക ഉപയോഗിക്കുന്നത് ആഡംബര ജീവിതത്തിനായിരുന്നു. കേരളത്തിൽ മാത്രമല്ല കർണാടകത്തിലും സജീവമാണ് ജിന്നുമ്മ. ഇവരുടെ തട്ടിപ്പിന്റെ കൂടുതൽ വേർഷനുകൾ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam